'ജയിലിൽ നല്ല സ്വഭാവമായിരുന്നു'; ബിൽക്കീസ് ബാനു കേസ് പ്രതികളെ മോചിതരാക്കിയതിനെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ

നേരത്തെ, കേസിലെ 11 പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹരജികളിൽ സുപ്രിംകോടതി ഗുജറാത്ത്‌ സർക്കാരിന്‌ നോട്ടീസ് അയച്ചിരുന്നു.

Update: 2022-10-17 16:26 GMT
Advertising

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയ്ക്കിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരി മകളടക്കം ഏഴു പേരെ കണ്‍മുന്നില്‍ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ. സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ബി.ജെ.പി സർക്കാരിന്റെ ന്യായീകരണം.

ജയിലിൽ പ്രതികളുടെ സ്വഭാവം നല്ലതായിരുന്നുവെന്നും അതിനാലാണ് മോചിപ്പിച്ചതെന്നുമാണ് ​ഗുജറാത്ത് സർക്കാരിന്റെ വാദം. പ്രതികൾ 14 വർഷം തടവ് അനുഭവിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് മോചനമെന്നും ഗുജറാത്ത് സർക്കാർ പറയുന്നു.

നേരത്തെ, കേസിലെ 11 പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹരജികളിൽ സുപ്രിംകോടതി ഗുജറാത്ത്‌ സർക്കാരിന്‌ നോട്ടീസ് അയച്ചിരുന്നു. നിയമാനുസൃതമായാണോ ശിക്ഷ ഇളവുചെയ്‌തതെന്ന്‌ പരിശോധിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിരീക്ഷിച്ചിരുന്നു.

കുറ്റവാളികൾക്ക്‌ ശിക്ഷാ ഇളവ്‌ നൽകണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ വിശദീകരിച്ചിരുന്നു. ശിക്ഷ ഇളവ്‌ ചെയ്യണമെന്ന കുറ്റവാളികളുടെ അപേക്ഷ പരിഗണിക്കണമെന്ന് മാത്രമാണ് കോടതി നിർദേശിച്ചതെന്നും ചൂണ്ടിക്കാട്ടി.

പ്രതികൾ അതിനിഷ്‌ഠൂരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരാണെന്നും ശിക്ഷാ ഇളവിന്‌ അർഹരല്ലെന്നും ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. പ്രതികളെ വെറുതെ വിട്ട സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സി.പി.ഐ.എം അംഗം സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, പ്രൊഫസര്‍ രൂപ് രേഖ വര്‍മ എന്നിവര്‍ ചേര്‍ന്നാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്.

2002ൽ ഗുജറാത്ത് വംശഹത്യ നടക്കുന്നതിനിടെയാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ബില്‍ക്കീസ് ബാനുവിന്റെ മൂന്ന് വയസുകാരി മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴു പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണം പിന്നീട് സി.ബി.ഐക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് കേസിലെ വിചാരണ ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

2008ലാണ് കേസില്‍ 11 പേരെ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ ആഗസ്റ്റ് 15നാണ് പ്രത്യേക വിടുതല്‍ നല്‍കി പ്രതികളെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍ പ്രതികളെ വിട്ടയച്ച ​ഗുജറാത്ത് സർക്കാർ നടപടി നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക വിമർശനവും പ്രതിഷേധവുമാണ് ഉയർന്നത്.

2014ലെ പുതുക്കിയ നിയമം നിലനില്‍ക്കെ പ്രതികളെ വിട്ടയച്ചത് 1992ലെ പഴയ നയ പ്രകാരമാണ്. 2014ലെ നയ പ്രകാരം ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പ്രത്യേക വിടുതല്‍ നല്‍കാനാവില്ലെന്ന് നിയമവിദ​ഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നു.

പ്രതികളെ മോചിപ്പിച്ചതിനെതിരെ വിരമിച്ച സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. 134 മുൻ ഉദ്യോഗസ്ഥരാണ് കത്ത് നൽകിയത്. 11 പ്രതികളേയും വിട്ടയച്ച ​ഗുജറാത്ത് ബിജെപി സർക്കാർ തീരുമാനം ഭീകരതെറ്റാണ് തുറന്നടിച്ച അവർ അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News