മോദിയുടെ ബിരുദ വിവരം: കെജ്രിവാൾ സമർപ്പിച്ച പുനഃപരിശോധന ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി
വിവരാവകാശ നിയമം ദുരുപയോഗം ചെയ്തതിന് കെജ്രിവാളിന് നേരത്തെ 25000 രൂപ ഹൈക്കോടതി പിഴയിട്ടിരുന്നു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച പുനഃപരിശോധനാ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ വിവരങ്ങൾ കൈമാറാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഹൈകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് കെജ്രിവാൾ പുനഃപരിശോധന ഹരജി നൽകിയത്. വിവരാവകാശ നിയമം ദുരുപയോഗം ചെയ്തതിന് കെജ്രിവാളിന് നേരത്തെ 25000 രൂപ ഹൈക്കോടതി പിഴയിട്ടിരുന്നു.
മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പേരിൽ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കെജ്രിവാളിന് നേരത്തെ കോടതിയുടെ സമൻസുണ്ടായിരുന്നു. അഹമ്മദാബാദ് അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. ഗുജറാത്ത് സർവകലാശാല രജിസ്ട്രാർ പീയൂഷ് പട്ടേലാണ് പരാതി നൽകിയിരുന്നത്. ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിനും അപകീർത്തി കേസിൽ സമൻസ് അയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർവകലാശാലയ്ക്കെതിരെ പരിഹാസം നിറഞ്ഞതും അധിക്ഷേപകരവുമായ പരാമർശം നടത്തിയെന്നായിരുന്നു പരാതി.
പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനുമെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നത്. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് സർവകലാശാലയെ ലക്ഷ്യമിട്ട് വാര്‍ത്താസമ്മേളനങ്ങളിലും ട്വിറ്ററിലും അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നായിരുന്നു പരാതി.