ചന്ദ്രയാൻ-3 ലാൻഡർ രൂപകൽപ്പന ചെയ്ത ശാസ്ത്രജ്ഞനെന്ന വ്യാജേന അഭിമുഖം; ​ഗുജറാത്തിൽ അധ്യാപകൻ അറസ്റ്റിൽ

അന്വേഷണത്തിൽ ഇയാൾക്ക് ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ദൗത്യവുമായി ഒരു ബന്ധവുമില്ലെന്നും തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Update: 2023-08-30 12:41 GMT
Advertising

സൂറത്ത്: ചന്ദ്രയാൻ-3ന്റെ ലാൻഡർ മൊഡ്യൂൾ രൂപകൽപ്പന ചെയ്ത ഐഎസ്ആർഒ ശാസ്ത്രജ്ഞനെന്ന് അവകാശപ്പെടുകയും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ​ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മിതുൽ ത്രിവേദിയാണ് പിടിയിലായത്. പ്രാദേശിക മാധ്യമങ്ങൾക്കാണ് ഇയാൾ അഭിമുഖം നൽകിയത്.

തന്റെ ട്യൂഷൻ ക്ലാസുകളിലേക്ക് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനാണ് ഇയാൾ ശാസ്ത്രജ്ഞനായി ആൾമാറാട്ടം നടത്തിയത്. ചൊവ്വാഴ്ചയാണ് സൂറത്തിൽ വച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23ന് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്റിങ് നടത്തിയതിനു പിന്നാലെ ഇയാൾ പ്രാദേശിക മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയായിരുന്നു.

ഐഎസ്ആർഒയുടെ ആൻഷ്യന്റ് സയൻസ് ആപ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് ചെയർമാൻ ആണ് താനെന്ന് അവകാശപ്പെട്ട ത്രിവേദി 2022 ഫെബ്രുവരി 26 എന്ന തിയതിയിലുള്ള വ്യാജ നിയമനക്കത്ത് പോലും മാധ്യമങ്ങളെ കാണിച്ചെന്നും പൊലീസ് വ്യക്തമാക്കി. അഭിമുഖത്തിനു പിന്നാലെ ത്രിവേദിക്കെതിരെ പരാതി ലഭിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

അന്വേഷണത്തിൽ ഇയാൾക്ക് ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ദൗത്യവുമായി ഒരു ബന്ധവുമില്ലെന്നും തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഐപിസി 419 (ആൾമാറാട്ടം വഴിയുള്ള വഞ്ചന), 465 (വ്യാജരേഖ ചമയ്ക്കൽ), 468 (കബളിപ്പിക്കാനായി വ്യാജ രേഖ ചമയ്ക്കൽ), 471 (ഒറിജിനൽ എന്ന വ്യാജേന വ്യാജരേഖ ഹാജരാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ സൂറത്ത് സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

ത്രിവേദി ഒരു സ്വകാര്യ അധ്യാപകനാണെന്നും കൂടുതൽ വിദ്യാർഥികളെ തന്റെ ട്യൂഷൻ ക്ലാസുകളിലേക്ക് ആകർഷിക്കാനായി മാധ്യമങ്ങൾക്ക് മുന്നിൽ ശാസ്ത്രജ്ഞനായി വേഷം കെട്ടുകയായിരുന്നെന്നും അഡീഷണൽ പൊലീസ് കമ്മീഷണർ ശരദ് സിംഗാൽ പറഞ്ഞു. ഐഎസ്ആർഒയുടെ അടുത്ത പദ്ധതിയായ ‘മെർക്കുറി ഫോഴ്‌സ് ഇൻ സ്പേസി’ലെ ഗവേഷണ അംഗം കൂടിയാണ് താനെന്നും ഇയാൾ അവകാശപ്പെട്ടെന്നും വ്യാജ കത്ത് ഹാജരാക്കിയെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News