ഗുജറാത്ത് വംശഹത്യ; മോദിയെ പ്രതി ചേർക്കാൻ അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം
സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും പൊലീസ് പറയുന്നു
അഹമ്മദാബാദ്: ഗുജറാത്ത് കലാപ കേസുകളില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രതി ചേര്‍ക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് ഗുജറാത്ത് പൊലീസ്. സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും പൊലീസ് പറയുന്നു. ടീസ്റ്റയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടായിരുന്നു പൊലീസിന്‍റെ വാദം.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപാധികളെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ ടീസ്റ്റ കഴിഞ്ഞ ജൂണില്‍ അറസ്റ്റിലായത്. മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
''കലാപത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അഹമ്മദ് പട്ടേലിന്‍റെ നേതൃത്വത്തില്‍ നടന്ന വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അവര്‍'' പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഗൂഢാലോചനയുടെ ഭാഗമായതിന് ടീസ്റ്റയ്ക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്. സാമ്പത്തിക സഹായം ഉള്‍പ്പെടെയാണ് ഇതെന്ന് സത്യവാങ്മൂലം പറയുന്നു. 30 ലക്ഷം രൂപ അഹമ്മദ് പട്ടേലില്‍നിന്ന് ടീസ്റ്റയ്ക്കു ലഭിച്ചെന്ന്, ചില സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
അന്തരിച്ച അഹമ്മദ് പട്ടേലിനെതിരെ ഉന്നയിക്കപ്പെട്ട നികൃഷ്ടമായ ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അവകാശവാദത്തോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് പറഞ്ഞു. ''2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിച്ചുവിട്ട വർഗീയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രത്തിന്‍റെ ഭാഗമാണിത്. ഈ കൂട്ടക്കൊല നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്‍റെ മനസില്ലായ്മയും കഴിവില്ലായ്മയുമാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ തന്‍റെ രാജധർമ്മത്തെക്കുറിച്ച് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കാൻ പ്രേരിപ്പിച്ചത്.'' കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
''പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കൽ യന്ത്രം തന്‍റെ രാഷ്ട്രീയ എതിരാളികളായിരുന്ന പരേതരെ പോലും വെറുതെ വിടുന്നില്ല. ഈ എസ്.ഐ.ടി അതിന്‍റെ രാഷ്ട്രീയ യജമാനന്‍റെ താളത്തിനനുസരിച്ച് തുള്ളുകയാണ്. പറഞ്ഞിടത്തെല്ലാം അത് ഇരിക്കുന്നു. മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് ശേഷം എസ്ഐടി മേധാവിക്ക് നയതന്ത്ര ചുമതല നൽകിയത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം.'' കോണ്‍ഗ്രസ് ആരോപിച്ചു. അഹമ്മദ് പട്ടേലിന്‍റെ നിർദേശപ്രകാരം ടീസ്റ്റ സെതൽവാദും കൂട്ടാളികളും ചേർന്നാണ് ഗുജറാത്തിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതെന്ന് ബി.ജെ.പി തിരിച്ചടിച്ചു.