നമസ്‌കാരത്തിന്‍റെ പേരില്‍ ആക്രമണത്തിനിരയായ വിദേശ വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു പുറത്താക്കി ഗുജറാത്ത് സർവകലാശാല

റമദാന്റെ ആരംഭത്തിലായിരുന്നു അഫ്ഗാൻ, ഗാംബിയൻ സ്വദേശികളായ ഏഴുപേർക്കെതിരെ പുറത്തുനിന്നെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്

Update: 2024-04-07 09:32 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: കാംപസിൽ നമസ്‌കരിച്ചതിന് ഗുജറാത്ത് സർവകലാശാലയിൽ ആക്രമണത്തിനിരയായ വിദേശ വിദ്യാർഥികൾക്കെതിരെ അധികൃതരുടെ നടപടിയും. അഫ്ഗാനിസ്താൻ, ആഫ്രിക്കൻ വിദ്യാർഥികളോട് ഹോസ്റ്റലിൽനിന്ന് ഒഴിയാൻ സർവകലാശാലാ അധികൃതർ ഉത്തരവിട്ടു. കോഴ്‌സ് കഴിഞ്ഞും ഹോസ്റ്റലിൽ താമസിച്ചെന്ന് ആരോപിച്ചാണു നടപടി.

അഫ്ഗാനിസ്താനിൽനിന്നുള്ള ആറു വിദ്യാർഥികൾക്കും കിഴക്കൻ ആഫ്രിക്കയിൽനിന്നുള്ള ഒരാൾക്കുമെതിരെയാണു നടപടി. വൈസ് ചാൻസലർ നീരജ ഗുപ്തയാണു നടപടിയെക്കുറിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയോട് വിശദീകരിച്ചത്. കോഴ്‌സ് കാലാവധി കഴിഞ്ഞ ശേഷവും ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ളതുകൊണ്ട് വിദ്യാർഥികൾ ഹോസ്റ്റലിൽ തന്നെ തങ്ങുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇനി അവർക്ക് സുരക്ഷിതമായി നാട്ടിലേക്കു മടങ്ങാവുന്നതാണെന്നും പൂർവ വിദ്യാർഥികളെ ഹോസ്റ്റലിൽ തങ്ങാൻ അനുവദിക്കാനാകില്ലെന്നും വി.സി പറഞ്ഞു.

വിദ്യാർഥികളുടെ രാജ്യങ്ങളുടെ കോൺസുലേറ്റുകളെ വിവരം അറിയിച്ചതായും വി.സി നീരജ അറിയിച്ചു. അവരും വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാലയിൽനിന്ന് ഇതിനകം 300ലേറെ വിദേശ വിദ്യാർഥികൾ ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ടെന്നും വി.സി കൂട്ടിച്ചേർത്തു.

മാർച്ച് 16ന് റമദാൻ മാസത്തിന്റെ തുടക്കത്തിലാണ് കാംപസിലെ ഹോസ്റ്റൽ ബ്ലോക്കിൽ വിദ്യാർഥികൾ സമൂഹ നമസ്‌കാരം നടത്തിയത്. വിവരം അറിഞ്ഞ് പുറത്തുനിന്ന് എത്തിയ സംഘം വിദ്യാർഥികൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ശ്രീലങ്ക, താജികിസ്താൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിനു പിന്നാലെ അഫ്ഗാൻ, ഗാംബിയൻ നയതന്ത്ര സംഘം സർവകലാശാല സന്ദർശിക്കുകയും വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തിയ സംഘം വിദ്യാർഥികളുടെ സുരക്ഷയ്ക്കായി കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Summary: Weeks after namaz row, Gujarat varsity asks 7 foreign students to vacate hostel for allegedly overstaying

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News