കേസ് കൊടുക്കുന്നതും ജാമ്യത്തിലിറക്കുന്നതും ഭാര്യ; ഒടുവിൽ ഭാര്യയ്‌ക്കെതിരെ പരാതി

2001ലായിരുന്നു ഇവരുടെ വിവാഹം, 14 വർഷങ്ങൾക്ക് ശേഷം 2015ൽ പ്രേംചന്ദിനെതിരെ സോനു ആദ്യത്തെ കേസ് ഫയൽ ചെയ്തു

Update: 2023-07-13 05:42 GMT
Advertising

അഹമ്മദാബാദ്: ഗാർഹിക പീഡനത്തിനെ കുറിച്ചുള്ള വാർത്തകൾക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ആരുമറിയാതെ പോകുന്നതുമായ നിരവധി സംഭവങ്ങൾ നിത്യേന നമ്മുടെ രാജ്യത്ത് സംഭവിക്കാറുണ്ട്. പൊതുവേ ഭർത്താവിൽ നിന്നുള്ള ഉപദ്രവങ്ങൾ പുറത്തു പറയാൻ മടിക്കുന്നവരാണ് സ്ത്രീകൾ. പരാതിപ്പെട്ടാലുണ്ടാവുന്ന പ്രത്യാഖാതങ്ങൾ ഭീകരമാകും എന്നതിനാൽ ഭൂരിഭാഗം സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ പങ്കു വയ്ക്കാൻ ഭയവുമുണ്ടാകും.ഇനി ഭർത്താവിനെതിരെ പരാതിപ്പെടുന്ന സ്ത്രീകളാകട്ടെ പിന്നീട് ആ ബന്ധത്തെ കുറിച്ച് ഓർക്കാൻ പോലും ഇഷ്ടപ്പെടില്ല.

എന്നാലിതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥയാണ് ഗുജറാത്തിലെ മെഹസാന ജില്ലയിലുള്ള പ്രേംചന്ദ്-സോനു ദമ്പതിമാരുടേത്. 22 വർഷത്തെ ദാമ്പത്യജീവിതത്തിനിടെ 7 തവണയാണ് പ്രേംചന്ദിനെതിരെ സോനു ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ ഓരോ തവണയും ഇയാളെ സോനു തന്നെ ജാമ്യത്തിലിറക്കുകയും ചെയ്യും.

2001ലായിരുന്നു ഇവരുടെ വിവാഹം. 14 വർഷങ്ങൾക്ക് ശേഷം 2015ൽ പ്രേംചന്ദിനെതിരെ സോനു ആദ്യത്തെ കേസ് ഫയൽ ചെയ്തു. ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി. ഇതോടെ സോനുവിന് മാസം 2000 രൂപ ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു.

എന്നാൽ ദിവസവേതനക്കാരനായ പ്രേംചന്ദിന് ഈ പണമടയ്ക്കാൻ കഴിയാതെ വന്നതോടെ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. അഞ്ച് മാസത്തോളം ഇയാൾ ജയിലിൽ കിടക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സോനുവിന്റെ രംഗപ്രവേശം. പ്രേംചന്ദിനെ സോനു തന്നെ ജാമ്യത്തിലിറക്കി.

ഇതിന് ശേഷം ഇരുവരും വേർപിരിഞ്ഞ് താമസം തുടങ്ങിയെങ്കിലും പിന്നീട് അടുത്തു. അങ്ങനെ പിണക്കങ്ങളും ഇണക്കങ്ങളുമായി വർഷങ്ങൾ പലത് കടന്നുപോയി. ഇതിനിടെ 2016 മുതൽ 2020 വരെ പ്രേംചന്ദിനെതിരെ സോനു നൽകിയത് അഞ്ച് പരാതികൾ.... എല്ലാ തവണയും ജീവനാംശം നൽകുന്നതിൽ മുടക്കം വരുത്തി പ്രേംചന്ദ് ജയിലിലാകും സോനു എത്തി ജാമ്യത്തിലിറക്കും. ഇതോടെ ഇവരുടെ കേസും ജാമ്യത്തിലിറക്കലുമൊന്നും ബന്ധുക്കൾക്കും നാട്ടുകാർക്കും പുത്തരിയല്ലാതായി.

എന്നാൽ ഈ വർഷം ആദ്യം സോനു ഫയൽ ചെയ്ത കേസിൽ ഒരു ട്വിസ്റ്റ് എല്ലാവരെയും കാത്തിരിപ്പുണ്ടായിരുന്നു. ജൂലൈ 4ന് ജാമ്യത്തിലിറങ്ങിയ പ്രേംചന്ദ് വീട്ടിലെത്തിയപ്പോഴാണ് തന്റെ ഫോണും പഴ്‌സും മോഷണം പോയതായി അറിയുന്നത്. ഇതെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും വഴക്ക് അടിയിൽ കലാശിക്കുകയും ചെയ്തു. ഇതോടെ സോനുവിനെതിരെ ശാരീരികോപദ്രവത്തിന് പ്രേംചന്ദ് കേസ് ഫയൽ ചെയ്ത് വീട്ടിൽ നിന്ന് മാറിത്താമസമായി. നിലവിൽ തന്റെ അമ്മയ്‌ക്കൊപ്പം മറ്റൊരു വീട്ടിലാണ് പ്രേംചന്ദിന്റെ താമസം. ഇതേ കേസിൽ മകനെതിരെയും ഇയാൾ പരാതി ഉന്നയിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News