ഏകീകൃത സിവിൽ കോഡ്: സമിതിയെ നിയോഗിച്ച് ഗുജറാത്ത് സർക്കാർ
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി
ഗാന്ധിനഗർ: ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ. സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സമിതി രൂപീകരിക്കാൻ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ സമിതിയെ നിയോഗിച്ചു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി. നാല് അംഗങ്ങളാകും സമിതിയിലുണ്ടാവുക. സമിതി ഉടൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും.
ഗുജറാത്തിൽ അസംബ്ലി ഇലക്ഷൻ അടുത്തിരിക്കേയാണ് സർക്കാരിന്റെ നടപടി. നേരത്തേ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അതാത് സർക്കാരുകൾ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിൽ നടന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സമിതി രൂപീകരിക്കാൻ തീരുമാനം എടുത്തത്. വിവിധ വശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും സമിതി അഭിപ്രായം തേടും. അതിന് ശേഷമായിരിക്കും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകൾ നേരത്തെ പഠനത്തിനായി സമിതിയെ നിയോഗിക്കുകയും അഭിപ്രായം അറിയിക്കാൻ വെബ് പോർട്ടൽ ആരംഭിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി സർക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏക സിവിൽ കോഡ്. എന്നാൽ രാജ്യത്തെ വലിയൊരു വിഭാഗം ഏക സിവിൽ കോഡിനെതിരാണ്.