'മുറിയിൽ പൂട്ടിയിട്ടു, ബാഗ് തട്ടിപ്പറിച്ചു'; ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ജീവനക്കാർക്കെതിരെയും പരാതി

രാജ്ഭവനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല, കൂടാതെ രാജ്ഭവൻ ജീവനക്കാരാരെയും അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ല.

Update: 2024-05-07 14:31 GMT
Editor : rishad | By : Web Desk
Advertising

കൊല്‍ക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസിനെതിരായ ലൈം​ഗികാതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതൽ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി. രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ സ്‌പെഷ്യൽ ഡ്യൂട്ടിയിലുള്ള ഒരാള്‍, പാന്‍ഡ്രി ജീവനക്കാരന്‍(പാചകം), പ്യൂണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. അതേസമയം മൂവരുടെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.

''ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ പോകവെ മുറിക്കുള്ളില്‍ തടഞ്ഞുനിര്‍ത്തുകയും ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ ഗവര്‍ണറുടെ ജീവനക്കാരന്‍ തട്ടിയെടുക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. അതേസമയം  ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്ന പരാതിയെക്കുറിച്ച് പ്രതികരണം തേടി രാജ്ഭവനെ ഇ-മെയില്‍ വഴിയും അല്ലാതെയും ബന്ധപ്പെട്ടെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.

വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് പാചകതൊഴിലാളിയും പ്യൂണും തന്നെ തടയാന്‍ ശ്രമിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്. അമ്മയെ വിളിക്കാൻ ശ്രമിച്ചപ്പോൾ അവര്‍ തന്നെ മുറിയിൽ പൂട്ടിയിടുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തുവെന്നും പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ ജീവനക്കാരിലെ ഒരാൾ തൻ്റെ ബാഗ് തട്ടിയെടുത്തതായും യുവതി ആരോപിച്ചു. സഹായത്തിനായി നിലവിളിക്കാൻ തുടങ്ങിയപ്പോഴാണ് സാധനങ്ങൾ തിരികെ കൊടുത്തതെന്നാണ് യുവതി പറയുന്നത്.

രാജ്ഭവനിലെ കരാർ ജീവനക്കാരിയായ യുവതിയാണ് പരാതിക്കാരി. മെയ് 2നാണ് ഗവര്‍ണര്‍ക്കെതിരെ യുവതി ആരോപണം ഉന്നയിച്ചത്. രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി.ഏപ്രില്‍ 24മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്.

പൊലീസ് ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്ഭവനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല, കൂടാതെ രാജ്ഭവൻ ജീവനക്കാരാരെയും അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ല. ക്രിമിനൽ നടപടികളില്‍ നിന്ന് ഗവർണർക്ക് പരിരക്ഷയുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്ക് ഇത് ബാധകമല്ലെന്നാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്.  അതേസമയം രാജ്ഭവന്റെ നിസഹകരണം രാഷ്‌ട്രപതിയെ അറിയിക്കാനൊരുങ്ങുകയാണ് മമതാ ബാനർജി സർക്കാർ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News