ഗ്യാൻവാപി കേസ് വീണ്ടും സുപ്രിംകോടതിയിൽ; പള്ളിയിൽ അംഗശുദ്ധിക്ക് സംവിധാനം വേണമെന്ന് മസ്ജിദ് കമ്മിറ്റി
കേസ് ഏപ്രിൽ 14ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ അംഗശുദ്ധിക്ക് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ ഹരജി നൽകി. വീപ്പകളിൽ വെള്ളം നിറച്ചാണ് നിലവിൽ അംഗശുദ്ധി വരുത്തുന്നത്. റമദാൻ മാസമായതിനാൽ കൂടുതൽ വിശ്വാസികൾ പള്ളിയിലെത്തുമ്പോൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു.
അംഗശുദ്ധി വരുത്തിയിരുന്ന സ്ഥലമാണ് ശിവലിംഗം കണ്ടെത്തിയെന്ന് പറഞ്ഞ് കോടതി നിർദേശപ്രകാരം സീൽ ചെയ്തത്. കേസ് ഏപ്രിൽ 14ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. ഗ്യാൻവാപി തർക്കവുമായി ബന്ധപ്പെട്ട് വാരാണസി കോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും ഒരുമിച്ച് ചേർക്കണമെന്ന ഹിന്ദു പക്ഷത്തിന്റെ ഹരജി ഏപ്രിൽ 21-നാണ് കോടതി പരിഗണിക്കുന്നത്.