ഗ്യാൻവാപി മസ്ജിദ്: പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച ഹരജി ഇന്ന് സുപ്രിംകോടതിയിൽ
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. വരാണസി ജില്ലാകോടതി പൂജക്ക് അനുമതി നൽകിയത് അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്.
പൂജക്ക് അനുമതി നൽകിയത് ജില്ലാ ജഡ്ജിയായിരുന്ന എ.കെ വിശ്വേശയെ വിരമിച്ച ശേഷം ലഖ്നോവിലെ ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയുടെ ഓംബുഡ്‌സ്മാനായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. യു.പി സർക്കാറാണ് നിയമനം നടത്തിയത്.
മസ്ജിദിൽ പൂജക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പ് നാല് സ്ത്രീകളാണ് വരാണസി ജില്ലാ കോടതിയിൽ ഹരജി നൽകിയിരുന്നത്. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് എ.കെ വിശ്വേശ പൂജക്ക് അനുമതി നൽകി ഉത്തരവിട്ടത്. നിലവറയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വേലികൾ നീക്കംചെയ്യുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏഴ് ദിവസത്തിനകം പൂർത്തിയാക്കണമെന്നും വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതരാണ് ഇവിടെ പൂജ നടത്തേണ്ടതെന്നും ജഡ്ജിയായിരുന്ന എ.കെ വിശ്വേശ നിർദേശിച്ചിരുന്നു.