ഗ്യാൻവാപി സർവേ: എട്ട് ആഴ്ച കൂടി സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്
വെള്ളിയാഴ്ച വാരാണസി കോടതി കേസ് പരിഗണിക്കും.
ന്യൂഡൽഹി: ഗ്യാൻവാപി സർവേക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. എട്ട് ആഴ്ച കൂടി സമയം വേണമെന്നാണ് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വാരാണസി കോടതി കേസ് പരിഗണിക്കും.
മസ്ജിദിൽ സർവേ പൂർത്തിയാക്കാൻ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നു. ഇത് ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടാൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിൽ (വെള്ളംകൊണ്ട് അംഗശുദ്ധി വരുത്തുന്ന സ്ഥലം) സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയിൽ വിശ്വവേദന സനാതൻ സംഘ് സെക്രട്ടറി സൂരജ് സിങ് ഹരജി നൽകിയിരുന്നു. ഹരജി കോടതി സെപ്റ്റംബർ എട്ടിന് പരിഗണിക്കുമെന്ന് സൂരജ് സിങ് പറഞ്ഞു. വുദുഖാന നിലവിൽ സർവേയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വുദുഖാന സീൽ ചെയ്യാൻ നിർദേശം നൽകിയ സുപ്രിംകോടതി ഇടക്കാല ഉത്തരവിൽ മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിരുന്നു. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.