'ഹർ ഘർ തിരംഗ'; ദേശീയ പതാകയ്ക്ക് രാജ്യത്തുടനീളം അഭൂതപൂർവമായ ഡിമാന്റ്
ഒരു കോടിയിലേറെ പതാകകളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തപാല്‍വകുപ്പ് വിറ്റഴിച്ചത്
കൊൽക്കത്ത: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ ദിവസങ്ങൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വീടുകളിൽ പതാക ഉയർത്തൽ ആരംഭിച്ചിരുന്നു. ഇതോടെ രാജ്യത്ത് ത്രിവർണ്ണ പതാകയുടെ ആവശ്യകത മുൻവർഷങ്ങളെക്കാൾ വർധിച്ചതായി ദേശീയ പതാക നിർമ്മാതാക്കളും വ്യാപാരികളും പറയുന്നു.
'ഈ വർഷം ദേശീയ പതാകയ്ക്ക് അഭൂതപൂർവമായ ഡിമാൻഡാണ് ഉണ്ടായത്. കഴിഞ്ഞ 16 വർഷത്തെ എന്റെ ബിസിനസ്സിൽ ഇത്തരമൊരു ആവശ്യകത കണ്ടിട്ടില്ലെന്ന് മുംബൈ ആസ്ഥാനമായുള്ള ദി ഫ്‌ലാഗ് കമ്പനിയുടെ സഹസ്ഥാപകൻ ദൽവീർ സിംഗ് നാഗി പിടിഐയോട് പറഞ്ഞു. 'അവസാന നിമിഷത്തിൽ പോലും പതാക ആവശ്യപ്പെട്ട് ഞങ്ങൾക്ക് അന്വേഷണങ്ങൾ വരുന്നു. എന്നാൽ പലതും നിരസിക്കേണ്ടി വരുന്നു. 10 ലക്ഷത്തോളം ദേശീയ പതാകകൾ ഇതിനോടകം വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നടത്തിയ ഓർഡറുകളെ അപേക്ഷിച്ച്, ഇത്തവണ ദേശീയ പതാകയുടെ ആവശ്യം പലമടങ്ങ് വർധിച്ചതായി പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ മറ്റൊരു പതാക നിർമ്മാതാവായ രാജു ഹാൽദർ പറഞ്ഞു. ഓർഡറുകൾ പൂർത്തിയാക്കാൻ തൊഴിലാളികൾ രാവും പകലും അധ്വാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ബിസിനസ്സിലെ മാന്ദ്യമായിരുന്നു. ഈ വർഷം ഇത് ഞങ്ങൾക്ക് ഒരു അനുഗ്രഹം പോലെയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണികളിലൊന്നായ കൊൽക്കത്തയിലെ ബുറാബസാറിലെ പതാക വ്യാപാരിയായ അജിത് സാഹ പിടിഐയോട് പറഞ്ഞു.
ഇന്ത്യൻ തപാൽ വകുപ്പും ദേശീയ പതാക എളുപ്പത്തിൽ ഓൺലൈൻ വഴി വിൽപ്പന നടത്തിയിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.ഒരു കോടിയിലേറെ പതാകകളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തപാല്‍വകുപ്പ് വിറ്റഴിച്ചത്.