ഹരിയാന തെരഞ്ഞെടുപ്പ്; പ്രാചാരണം ശക്തമാക്കി പാർട്ടികൾ
രാഹുൽ ഗാന്ധിയുടെ സംസ്ഥാന പര്യടനത്തിന് തുടക്കമായി
ചണ്ഡീഗഢ്: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കി മുന്നോട്ടു പോവുകയാണ് കോൺഗ്രസ്സും ബിജെപിയും. നാലു ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന പര്യടനത്തിന് രാഹുൽ ഗാന്ധി തുടക്കം കുറിച്ചു. പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമായി. പിണക്കം മറന്ന് ഭൂപിന്ദർ ഹൂഡ, കുമാരി ഷെൽജ തുടങ്ങിയവർ ഒരേ വേദിയിൽ അണിനിരന്നു.
ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെയും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉയർത്തി. ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് നേതൃത്വം നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ തുടങ്ങിയവരാണ്.
അതേസമയം, വിമതരായി മത്സരിക്കുന്ന നേതാക്കൾക്കെതിരെ കോൺഗ്രസ് നടപടിയെടുത്തു. ചിത്ര സവേര ഉൾപ്പെടെയുള്ള 10 നേതാക്കളെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കി. ബിജെപിയും ഇതിനോടകം ആറ് നേതാക്കളെ പുറത്താക്കി. കോൺഗ്രസിന് 20 സീറ്റുകളിലും ബിജെപിക്ക് 15 സീറ്റുകളിലുമാണ് വിമത ഭീഷണി വെല്ലുവിളി സൃഷ്ടിക്കുന്നത്.