ഹരിയാനയിലെ വോട്ടെടുപ്പ് തിയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; കാരണമിതാണ്

ഹരിയാനയിലെയും ജമ്മു കശ്മീരിലേയും വോട്ടെണ്ണൽ ഒക്ടോബർ നാലിൽ നിന്ന് എട്ടിലേക്കും മാറ്റിയിട്ടുണ്ട്.

Update: 2024-08-31 15:44 GMT
Advertising

ന്യൂഡൽഹി: ഹരിയാനയിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ തിയതികൾ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ചിരുന്ന വോട്ടെടുപ്പ് അഞ്ചിലേക്ക് മാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന ബി.ജെ.പി ആവശ്യം അംഗീകരിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഇതോടൊപ്പം ഹരിയാനയിലെയും ജമ്മു കശ്മീരിലേയും വോട്ടെണ്ണൽ ഒക്ടോബർ നാലിൽ നിന്ന് എട്ടിലേക്കും മാറ്റിയിട്ടുണ്ട്. കാലങ്ങളായി ഗുരു ജംഭേശ്വരന്‍റെ സ്മരണാർഥം അസോജ് അമാവാസി ആഘോഷം സംഘടിപ്പിക്കുന്ന ബിഷ്‌ണോയി സമുദായത്തിന്‍റെ വോട്ടവകാശത്തെയും പാരമ്പര്യത്തെയും മാനിച്ചാണ് തിയതികൾ മാറ്റാനുള്ള തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കി.

ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ ഒന്നിലെ വോട്ടെടുപ്പ് മൂലം നിരവധിയാളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുകയും ഹരിയാന നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം കുറയുകയും ചെയ്തേക്കാമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ നിശ്ചയിച്ച തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഒക്ടോബർ ഒന്നിന് മുമ്പും ശേഷവും അവധി ദിവസങ്ങളായതിനാൽ പോളിങ് ശതമാനത്തെ ബാധിക്കുമെന്നായിരുന്നു ഹരിയാന ബി.ജെ.പി അധ്യക്ഷൻ മോഹൻലാൽ ബദോലിയുടെ വാദം.

അതേസമയം, തീരുമാനത്തിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി.ജെ.പി പേടിച്ചിരിക്കുകയാണെന്നും അതിനാലാണ് വോട്ടെടുപ്പ് തിയതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് ആരോപിച്ചു.

ഹ​രി​യാ​ന​യി​ൽ ഒ​റ്റ ഘ​ട്ട​മാ​യും ജ​മ്മു ക​ശ്മീ​രി​ൽ മൂ​ന്ന് ഘ​ട്ട​മാ​യുമാണ് നി​യ​മ​സ​ഭാ തെ​ര​​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. സെപ്തംബ​ർ 18, 25, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ജ​മ്മു ​ക​ശ്മീ​രി​ലും പുതുക്കിയ തീയതി പ്രകാരം ഒ​ക്ടോ​ബ​ർ അഞ്ചിന് ഹ​രി​യാ​ന​യി​ലും 90 വീ​തം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

ജ​മ്മു ക​ശ്മീ​രി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 24, ര​ണ്ടാം ഘട്ടം 26, അ​വ​സാ​ന​ ഘ​ട്ടം 40 സീ​റ്റി​കളിലാ​കും തെ​ര​ഞ്ഞെ​ടു​പ്പ്. 2014 ന​വം​ബ​ർ- ഡി​സം​ബ​റി​ൽ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ജ​മ്മു ക​ശ്മീ​രി​ൽ അ​വ​സാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News