ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; 57 സീറ്റുകളില്‍ മുന്നില്‍
ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്
ചണ്ഡീഗഡ്: എക്സിറ്റ് പോളുകള്‍ ശരിവച്ച് ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 57 സീറ്റുകളില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഗോദയിലിറങ്ങിയത്.
ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഐഎൻഎൽഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യങ്ങളാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികൾ. മുഖ്യമന്ത്രി നയാബ് സിങ് സൈനി (ലദ്‌വ), പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ (ഗാർഹി സാംപ്ല-കിലോയ്), ഐഎൻഎൽഡിയുടെ അഭയ് ചൗട്ടാല (എല്ലെനാബാദ്), ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല (ഉചന കലൻ), ബി ജെ പിയുടെ അനിൽ വിജ് (അംബാല കാൻ്റ്), കോൺഗ്രസിൻ്റെ വിനേഷ് ഫോഗട്ട് (ജൂലാന) തുടങ്ങിയ പ്രമുഖരാണ് ജനവിധി തേടിയിട്ടുള്ളത്.
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം കോണ്‍ഗ്രസിന് 53 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ദൈനിക് ഭാസ്‌കർ പാർട്ടിക്ക് 44 മുതൽ 54 സീറ്റുകൾ വരെ പ്രവചിക്കുന്നു, ബിജെപി 15 മുതൽ 29 വരെ സീറ്റുകൾ നേടുമെനാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവില്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സർക്കാരും ഹരിയാനയിൽ കോൺഗ്രസും അധികാരത്തിൽ വരുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്.
ശക്തമായ പോരാട്ടം നടക്കുന്ന ഹരിയാനയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ലീഡ് ചെയ്യുന്നു. ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്‌തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്. 2009, 2015,2019 തെരഞ്ഞെടുപ്പുകളില്‍ ഹൂഡ ഉജ്വല വിജയം നേടിയിരുന്നു. ഇത്തവണ
ബിജെപിയുടെ മഞ്ജു ഹൂഡയാണ് ഭൂപീന്ദറിന്‍റെ എതിരാളി. മുതിർന്ന കോൺഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയും നാല് തവണ എംപിയായുമായിട്ടുള്ള ഹൂഡ ഹരിയാനയിലെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി മുഖമായി തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് 1312 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി.