അപകടത്തിൽ ആറ് വിദ്യാർഥികൾ മരിച്ച സംഭവം: ഈദ് ദിനത്തിൽ പ്രവർത്തിച്ചതിന് സ്‌കൂളിന് നോട്ടീസ്, പ്രിൻസിപ്പൽ അറസ്റ്റിൽ
ഡ്രൈവറുടെ മദ്യപാനത്തെക്കുറിച്ച് രക്ഷിതാക്കളും നാട്ടുകാരും പലതവണ സ്കൂളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു
ചണ്ഡീഗഡ്: ഹരിയാനയിലെ മഹേന്ദ്രഗഢിൽ സ്‌കൂൾ ബസ് മറിഞ്ഞ് ആറ് കുട്ടികൾ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്‌കൂളിനെതിരെ നടപടി. ഈദ് പ്രമാണിച്ച് അവധിയായിട്ടും സ്‌കൂൾ എന്തുകൊണ്ട് പ്രവർത്തിച്ചു എന്ന് വ്യക്തമാക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിന് പുറമെ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേരെ അറസ്റ്റിലാകുകയും ചെയ്തു.അവധി ദിവസത്തിൽ സ്‌കൂൾ തുറന്ന് പ്രവർത്തിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈദ് ദിനത്തിൽ പ്രവർത്തിച്ചത് ചൂണ്ടിക്കാണിച്ച് സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചതായി മഹേന്ദ്രഗഡ് ഡെപ്യൂട്ടി കമ്മീഷണർ മോണിക ഗുപ്ത പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 8.30 ഓടെ കനിനയിലെ ഉൻഹാനി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ജി എൽ പബ്ലിക് സ്‌കൂളിലേക്ക് 40 കുട്ടികളുമായി പോവുകയായിരുന്ന ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. ബസിന്റെ ഡ്രൈവർ ധർമ്മേന്ദറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലാണെന്നും അമിതവേഗതയിലാണ് വാഹനമോടിച്ചതെന്നും ചില ദൃക്സാക്ഷികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മദ്യപിച്ചത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ തടയുകയും ബസിൽ നിന്ന് താക്കോൽ ഊരിയെടുക്കുകയും ചെയ്തിരുന്നു. മദ്യപിച്ച നിലയിൽ കുട്ടികളെയും കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.എന്നാൽ ധർമ്മേന്ദറിനെ ഉടൻ തന്നെ മാറ്റുമെന്നും പുതിയ ഡ്രൈവറെ നിയമിക്കുമെന്ന സ്‌കൂൾ അധികൃതരുടെ ഉറപ്പിന് ശേഷമാണ് നാട്ടുകാർ താക്കോൽ തിരിച്ചു നൽകിയതെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെതന്നെയാണ് ബസ് മരത്തിലിടിച്ച് അപകടം നടന്നത്.
ഗ്രാമവാസികൾ മാത്രമല്ല, ചില രക്ഷിതാക്കളും ഡ്രൈവറുടെ മദ്യപാനശീലം സ്‌കൂൾ അധികൃതരോട് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അപകടം നടക്കുന്ന വ്യാഴാഴ്ച പോലും ഡ്രൈവർ മദ്യലഹരിയിലാണെന്ന് അവർ സ്‌കൂളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിച്ചത്.വൈദ്യപരിശോധനയിൽ ഡ്രൈവർ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു. ധർമ്മേന്ദറിന് പുറമെ പ്രധാനാധ്യാപിക ദീപ്ത, ജീവനക്കാരനായ ഹോഷിയാർ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
അപകടത്തിന് ഇരയാക്കിയ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2018-ൽ കാലഹരണപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് ഹരിയാന ഗതാഗത മന്ത്രി അസീം ഗോയൽ പറഞ്ഞു. ബസിന് കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഹേന്ദ്രഗഡ് ജില്ലാ ട്രാൻസ്പോർട്ട് കം സെക്രട്ടറിയുടെ ഓഫീസിലെ അസിസ്റ്റന്റ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഉത്തരവാദികളെ കണ്ടെത്താനും അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.