ഹരിയാന ആവർത്തിക്കില്ല: മഹാരാഷ്ട്രയിൽ കരുതലോടെ നീങ്ങി കോൺഗ്രസ്; പുതിയ തന്ത്രങ്ങൾ

മത്സരിക്കാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമ്പോഴും സഖ്യകക്ഷികളായ ഉദ്ധവ് ശിവസേനയേയും എൻസിപി ശരത് പവാറിനെയും അധികം മുഷിപ്പിക്കേണ്ട എന്ന നിലപാടും കോൺഗ്രസിനുണ്ട്.

Update: 2024-10-20 04:48 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോൽവിയും സഖ്യകക്ഷികൾ കുറ്റപ്പെടുത്തുകയും ചെയ്തതോടെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുന്നത് അതീവ കരുതലോടെ. ഹരിയാനയിലുണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇക്കുറി കോൺഗ്രസിനില്ല. നവംബർ 20നാണ് മഹാരാഷ്ട്രയിലേക്കുള്ള തെരഞ്ഞെടുപ്പ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായിരുന്ന മേധാവിത്വം കണക്കിലെടുത്ത് അമിത ആത്മവിശ്വാസത്തിന് വകയുണ്ടെങ്കിലും തത്ക്കാലം അതുവേണ്ടെന്നാണ് കോൺഗ്രസ് നിലപാട്.  മത്സരിക്കാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമ്പോഴും മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികളായ ഉദ്ധവ് ശിവസേനയേയും എൻസിപി ശരത് പവാറിനെയും അധികം മുഷിപ്പിക്കേണ്ട എന്ന നിലപാടും കോൺഗ്രസിനുണ്ട്. സഖ്യം സജീവമാക്കി തന്നെ നിലനിർത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.

അതേസമയം സ്ഥാനാർഥി നിർണയവും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലേക്കുമാണ് കോൺഗ്രസും പ്രധാനമായും നോക്കുന്നത്. സീറ്റ് കിട്ടാത്തതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിച്ചവരാണ് ഹരിയാനയിൽ കോൺഗ്രസിനെ വീഴ്ത്തിയത്. അത്തരത്തിലൊന്ന് മഹാരാഷ്ട്രയിൽ എന്ത് വിലകൊടുത്തും തടയാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.  അതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി പതിനൊന്ന് മുതിർന്ന നിരീക്ഷകരെ എഐസിസി നിയമിച്ചത്. സംസ്ഥാനത്തിന് മാത്രമായി രണ്ട് മുതിർന്ന കോർഡിനേറ്റർമാർക്കും ചുമതലയുണ്ട്.

ശക്തമായ ദളിത്-മുസ്‌ലിം വോട്ട് അടിത്തറയുള്ളതും ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതുമായ സംസ്ഥാനത്ത് ഒരുതരത്തിലുള്ള റിസ്‌ക് എടുക്കാനും പാർട്ടി ആഗ്രഹിക്കുന്നില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. സംസ്ഥാനത്ത് നിന്നും ഒരു പാർട്ടി നേടിയ ഏറ്റവും കൂടുതൽ സീറ്റായിരുന്നു ഇത്. മഹാവികാസ് അഘാഡി സഖ്യത്തിലെ ഉദ്ധവ് പക്ഷത്തിനും എതിര്‍പക്ഷത്തുള്ള ബിജെപിക്ക് പോലും ഒമ്പത് സീറ്റുകളെ ലഭിച്ചുള്ളൂ. അതിനാൽ തന്നെ ഈ വിജയസാഹചര്യം തുടരാൻ കോൺഗ്രസ് ഇരട്ടക്കരുതലാണ് കൊടുക്കുന്നത്.

“ ഹരിയാനയിലേത് പോലെയല്ല മഹാരാഷ്ട്രയിലെ ഞങ്ങളുടെ പ്രശ്നങ്ങള്‍. അവിടെ എല്ലാം നയിച്ച ഭൂപീന്ദർ ഹൂഡയെപ്പോലൊരു നേതാവ് ഇവിടെ ഇല്ല. മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനൊപ്പം സഖ്യകക്ഷികളെ സന്തോഷിപ്പിക്കുന്ന കാര്യവും പ്രധാനമാണ്”- മഹാരാഷ്ട്രയുടെ ചുമതലയുള്ളൊരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതാണ് ഇക്കാര്യം. 

മഹാരാഷ്ട്രയിലെ പാർട്ടിയുടെ ഒരുക്കങ്ങൾ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മറ്റൊരു നേതാവും വ്യക്തമാക്കി. ഹരിയാനയിലെ വീഴ്ച ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സംസ്ഥാന നേതൃത്വത്തെയും പ്രത്യേകിച്ച് സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലും നിയന്ത്രിക്കുന്നതിലും എഐസിസി കൂടുതൽ ഇടപെടും. 

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രത്യേക രീതി പിന്തുടരാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡം. ടിക്കറ്റ് കിട്ടാത്തവര്‍ അതൃപ്തി രേഖപ്പെടുത്തിയാല്‍ എഐസിസി നേരിട്ട് അനുനയത്തിനെത്തും. റിബലായി മത്സരിക്കുന്നത് തടയാന്‍ എല്ലാ വഴികളും നോക്കും. അതോടൊപ്പം തന്നെ പ്രകടനപത്രികയുടെ കാര്യത്തിലും കോൺഗ്രസ് ശ്രദ്ധ പുലർത്തുന്നുണ്ട്.  ഇക്കാര്യത്തിലും രാഹുൽ ഗാന്ധിയുടെ ഉപദേശ നിർദേശങ്ങൾ ഉണ്ടാകും.

2022ലെ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിലും പിന്നീട് തെലങ്കാനയിലും കർണാടകയിലും കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ക്ലിക്കായിരുന്നു. ഭരണഘടനയിലും ജാതി സെൻസസിലുമൊക്കെ കേന്ദ്രീകരിച്ചുള്ള പ്രചാരണവും കോണ്‍ഗ്രസ് നടത്തും. ദലിതർക്കും പിന്നാക്കക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പോരാടുന്നതെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കുനാൽ ചൗധരി പറയുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News