'ഇന്ത്യയിൽ വിദ്വേഷപ്രചാരണം വർധിക്കുന്നു;' അഞ്ചുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 144 സംഭവങ്ങളെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്
രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നഅസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്
ന്യൂഡൽഹി: രാജ്യത്ത് മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി വസ്തുതാന്വേഷണ റിപ്പോർട്ട്. 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 144 വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നുവെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘ഇന്ത്യയിലെ വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും’എന്ന തലക്കെട്ടിലാണ് പഠനം പുറത്തിറക്കിയത്. രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി 2006 മുതൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്.
മതന്യൂനപക്ഷങ്ങൾക്കതിരായ വിദ്വേഷ പ്രസംഗങ്ങളെയും കുറ്റകൃത്യങ്ങളെയും കൃത്യമായി രേഖപ്പെടുത്തി ജനശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമമാണ് എപിസിആറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പ് ഉൾപ്പെടുന്ന അഞ്ചുമാസക്കാലയളവിൽ രാജ്യത്ത് നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളുന്നത്. സംസ്ഥാനവും ഓരോ വിദ്വേഷ കുറ്റകൃത്യത്തിന്റെ സ്വഭാവവും വേർതിരിച്ചാണ് എപിസിആർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
അഞ്ചുമാസത്തിനിടെ ഇന്ത്യയിൽ 144 വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നതായാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതിൽ ഒരാളെങ്കിലും മരിക്കാനിടയായ 12 സംഭവങ്ങളും ഉൾപ്പെടുന്നു. കൂടാതെ 71 കുറ്റകൃത്യങ്ങളിൽ മതന്യൂനപക്ഷ അംഗങ്ങൾക്കെതിരെ ശാരീരികാക്രമണം ഉണ്ടായതായും പഠനം ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 33 വിദ്വേഷ പ്രസംഗങ്ങളും ഫലപ്രഖ്യാപനത്തിന് പിന്നാലെ ജൂൺ മാസത്തിൽ 27 വിദ്വേഷ കുറ്റകൃത്യങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഡിൽ കാലികളെ കൊണ്ടുപോകുന്ന വഴിയിൽ ഒരുകൂട്ടം ആളുകൾ മൂന്ന് മുസ്‌ലിം ചെറുപ്പക്കാർ കൊലപ്പെടുത്തിയതായിരുന്നു ജൂൺ നാലിന് ശേഷം ആദ്യമുണ്ടായ സംഭവം. പിന്നീട് ഗുജറാത്തിലെ സൽമാൻ വോഹ്‌റയും ജൂൺ 24 ന്, ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ ടോയ്ലങ്ക ഗ്രാമത്തിൽ ക്രിസ്തുമതം സ്വീകരിച്ചതിന് കൊല്ലപ്പെട്ട കുടുംബവുമെല്ലാം ഈ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു.
എപിസിആർ റിപ്പോർട് പ്രകാരം, ഉത്തർപ്രദേശിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ചുമാസത്തിനിടെ 29 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും ആശ്രയിച്ചുകൊണ്ട് നടത്തിയ അന്വേഷണമായതിനാൽ കുറ്റകൃത്യങ്ങളുടെ എണ്ണം പൂർണമായിരിക്കില്ലെന്നും എപിസിആർ വ്യക്തമാക്കുന്നു.
അടുത്തിടെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് 834 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് കഴിഞ്ഞ വർഷമുണ്ടായത്. 2023 ൽ ഇത് 734 ആയിരുന്നു.