ഹാഥറസ് കേസ്: വിദ്യാര്‍ഥി നേതാവ് അതീർഖുർ റഹ്മാന്‍ ജയിൽ മോചിതനായി
983 ദിവസത്തിന് ശേഷം ലഖ്‌നൗ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്
ന്യൂഡല്‍ഹി: യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകവെ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ വിദ്യാർഥി നേതാവ് അതീർഖുർ റഹ്മാന്‍ ജയിൽ മോചിതനായി. 983 ദിവസത്തിന് ശേഷം ലഖ്‌നൗ ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. യു.എ.പി.എ, ഇ.ഡി കേസുകളിൽ അലഹബാദ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
യു.പിയിലെ മുസഫർനഗർ സ്വദേശിയായ അതീഖ്, ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്. കാംപസ് ഫ്രണ്ട് മുൻ ദേശീയ ട്രഷററായിരുന്നു. 2020 ആഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്റസിലേക്ക് പോകവെയാണ് യു.പി പൊലീസ് അതീഖുർ റഹ്മാൻ അടക്കമുള്ളവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ജാമിഅ മില്ലിയ്യ പി.ജി വിദ്യാർത്ഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരും ഇവർക്കൊപ്പം അറസ്റ്റിലായിരുന്നു. മുഹമ്മദ് ആലമും കാപ്പനും നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
ജയിലില്‍ കഴിയുന്നതിനിടെ അതീഖുര്‍ റഹ്‌മാന്റെ ഇടതു വശം തളര്‍ന്നുപോയിരുന്നു. ഹൃദ്രോഗിയായ അതീഖുര്‍ റഹ്‌മാന് തുടര്‍ചികില്‍സ ലഭിക്കാതെ ആരോഗ്യം വഷളായി ഇടതുവശം തളര്‍ന്നുപോവുകയും തുടര്‍ന്ന് ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതൽ ഡൽഹി എയിംസിൽ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങൾക്കു മുൻപ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.