'രാമക്ഷേത്രം എന്റേതുകൂടിയാണ്, ഇഷ്ടമുള്ളപ്പോൾ പോകും'; ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ
''രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവത്കരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു''
മുംബൈ: ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (യുബിടി) തലവനുമായ ഉദ്ധവ് താക്കറെ.'രാമ ക്ഷേത്രം എന്റേതുകൂടിയാണ്, എപ്പോൾ വേണമെങ്കിലും എനിക്കവിടെ പോകാം. ആരുടെയും ക്ഷണം ആവശ്യമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
'മുഖ്യമന്ത്രിയായപ്പോൾ ഞാൻ അയോധ്യയിൽ പോയിട്ടുണ്ട്. അതുകൊണ്ട് ക്ഷണപത്രം എനിക്ക് ആവശ്യമില്ല. ഈ പരിപാടി രാഷ്ട്രീയവത്കരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു,' ഉദ്ധവ് പറഞ്ഞു.
'രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ശിവസേന നീണ്ട പോരാട്ടം നടത്തിയിട്ടുണ്ട്. ശ്രീരാമൻ ഒരു പാർട്ടിയുടെയും സ്വത്തല്ലെന്നും സുപ്രീം കോടതി വിധിയാണ് രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയതെന്നും കേന്ദ്രത്തിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവൻ രാജ് താക്കറെയെ ക്ഷേത്രനിർമാണ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 6,000-ത്തിലധികം പേർ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.
അതിനിടെ അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠയെ ചൊല്ലി ബിജെപി -സമാജ്‌വാദി പാർട്ടി പോര് ശക്തമാകുകയാണ്. ശ്രീരാമൻ വിളിക്കാതെ ആർക്കും അയോധ്യയിൽ എത്താൻ കഴിയില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങുകളിലെക്ക് സമാജ്‌വാദി പാർട്ടി നേതാക്കളെ ക്ഷണിക്കരുതെന്ന് ബി.ജെ.പി നേതൃത്വം സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്രം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമം. പശ്ചിമ ബംഗാളിലേ ബി.ജെ.പിയുടെ പുരോഗതി വിലയിരുത്താൻ ഇന്ന് നിർണായക യോഗം ചേരും. ബംഗാളിൽ സന്ദർശനം നടത്തുന്ന മോഹൻ ഭാഗവതും യോഗത്തിൽ പങ്കെടുക്കും.