സംസ്ഥാനങ്ങൾ പെഗാസസ് വാങ്ങിയിട്ടുണ്ടോ?; വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ഡിജിപിമാർക്ക് കത്ത്
വിവരങ്ങള്‍ വേഗത്തിൽ കൈമാറാന്‍ വിദഗ്ധസമിതി നിർദേശിച്ചു
ഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‍വെയർ വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങൾ അറിയിക്കണമെന്ന് സുപ്രീംകോടതി വിധഗ്ധ സമതി. ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ഡിജിപിമാർക്ക് കത്തയച്ചു. വിവരം വേഗത്തിൽ കൈമാറാനും വിദഗ്ധസമിതി നിർദേശിച്ചു.
സംസ്ഥാന സർക്കാറോ സർക്കാർ ഏജൻസികളോ പെഗാസെസ് സോഫ്റ്റ്‍വെയർ വാങ്ങിയിട്ടുണ്ടോ. അല്ലെങ്കൽ മറ്റേതെങ്കിലും തരത്തിലുള്ള ഇന്റലിജൻസ് ഏജൻസികൾ സർക്കാരിനു വേണ്ടി സോഫ്റ്റ്‍വെയർ വാങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കിൽ ആരുടെ കയ്യിൽ നിന്നാണ് ഇതിനായുള്ള അനുമതി വാങ്ങിയത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 18മാണ് ഇത്തരത്തിലുള്ളൊരു കത്ത് അയച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുപ്രീം കോടതി ഒരു സ്വതന്ത്ര വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചത്. മുൻ ജഡ്ജിമാര്‍, മന്ത്രിമാർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, വ്യവസായികൾ, പത്രപ്രവർത്തകർ എന്നിവരുടെ ഫോണുകളിൽ ഗവൺമെന്റ് ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉത്തരവുണ്ടായിരുന്നു. ഡോ.നവീൻ കുമാർ ചൗധരി, ഡോ. പ്രഭാഹരൻ പി., ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരാണ് സാങ്കേതിക സമിതിയിലെ അംഗങ്ങൾ.
മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശി കുമാർ, എഡിറ്റേഴ്സ് ഗിൽഡ്, രഹസ്യവിവേചനത്തിന് ഇരയായ വ്യക്തികൾ എന്നിവരുൾപ്പെടെ സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് ഉത്തരവ്.
ചന്ദ്രബാബു നായിഡുസർക്കാർ തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കായി പെഗാസസ് വാങ്ങി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ സമിതി രൂപീകരിക്കാനുള്ള പ്രമേയം ആന്ധ്രാപ്രദേശ് നിയമസഭ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. അഞ്ചു വർഷം മുമ്പ് പെഗാസസ് വാങ്ങാനുള്ള വാഗ്ദാനം തന്റെ സർക്കാർ നിരസിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ ഫോൺ ഹാക്കിംഗ് സോഫ്റ്റ്‍വെയറായ പെഗാസസ് ടാർഗെറ്റുചെയ്യാൻ സാധ്യതയുള്ള 50,000 പേരിൽ ഇന്ത്യൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, വ്യവസായികൾ, പത്രപ്രവർത്തകർ എന്നിവരുടെ ഫോണുകളും ഉൾപ്പെടുന്നുവെന്ന് മാധ്യമസ്ഥാപനങ്ങളുടെയും അന്വേഷണാത്മക പത്രപ്രവർത്തകരുടെയും ഒരു അന്താരാഷ്ട്ര കൺസോർഷ്യം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് 2021 ജൂലൈയിൽ പെഗാസസ് വിവാദം തുടങ്ങുന്നത്.
അഭിഭാഷകർ, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, പൗരാവകാശ പ്രവർത്തകർ എന്നിവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾക്ക് മറുപടിയായി, കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഓഗസ്റ്റ് 16-ന് മൂന്ന് പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനൊടുവിലാണ് സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.