പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കസ് കൂടാരമെന്ന് എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; കുരങ്ങന്‍റെ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രി

എ.എ.പിയെ ബ്രിട്ടീഷുകാരുമായാണ് ഛന്നി താരതമ്യപ്പെടുത്തിയത്

Update: 2022-02-15 10:25 GMT
Advertising

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കള്‍ തമ്മിലെ വാക്കുതര്‍ക്കവും കടുത്തു. പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കസ് കൂടാരമാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മന്‍ പറഞ്ഞു. സര്‍ക്കസ് കൂടാരത്തില്‍ കുരങ്ങന്‍റെ സ്ഥാനം ഒഴിവുണ്ടെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി തിരിച്ചടിച്ചു.

"ഞങ്ങളുടെ സർക്കസിൽ ഒരു കുരങ്ങന്‍റെ ഒഴിവുണ്ട്. ചേരാൻ അവരെ സ്വാഗതം ചെയ്യുന്നു. ഡൽഹി, ഹരിയാന, യു.പി എന്നിങ്ങനെ എവിടെനിന്നും ചേരാം. അവർക്ക് സ്വാഗതം"- എന്നാണ് ചരണ്‍ജിത് സിങ് ഛന്നി പറഞ്ഞത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനൊപ്പം അമൃത്സറിൽ വാർത്താസമ്മേളനം നടത്തിയപ്പോഴാണ് ഭഗവന്ത് മൻ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. പഞ്ചാബിൽ കോൺഗ്രസ് സർക്കസ് കൂടാരമായി മാറി. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഛന്നി തോൽക്കും. എ.എ.പി അദ്ദേഹത്തെ പരാജയപ്പെടുത്താൻ പോകുന്നു. എം.എൽ.എ പോലും ആവാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും ഭഗവന്ത് മന്‍ പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസിനൊപ്പം തുടരുമെന്നാണ് ഛന്നിയുടെ മറുപടി. എ.എ.പിയെ ബ്രിട്ടീഷുകാരുമായാണ് ഛന്നി താരതമ്യപ്പെടുത്തിയത്. തവിട്ടു നിറത്തിലുള്ള ബ്രിട്ടീഷുകാർ പഞ്ചാബ് കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാഘവ് ഛദ്ദയും അയ്യായിരത്തോളം പുറത്തുനിന്നുള്ളവരും പഞ്ചാബിലെത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെന്നും ഛന്നി പറഞ്ഞു.

ഭഗവന്ത് മന്നിന്‍റെ വിദ്യാഭ്യാസ യോഗ്യതയും ഛന്നി ചോദ്യംചെയ്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂവെന്നാണ് ആരോപണം. അരവിന്ദ് കെജ്‌രിവാളിനെയും ഛന്നി രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചാബിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കാൻ കെജ്‍രിവാളിന് കഴിയില്ലെന്നാണ് വിമര്‍ശനം.

"കെജ്‌രിവാൾ ഹരിയാനക്കാരനാണ്. ഡൽഹി മുഖ്യമന്ത്രിയാണ് അദ്ദേഹം. ജലപ്രശ്നത്തിൽ പഞ്ചാബ് സർക്കാർ ഹരിയാനയുമായും ഡൽഹിയുമായും പോരാടുകയാണ്. അതിനാൽ എസ്.വൈ.എൽ കനാൽ വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച ഒരാൾക്ക് എല്ലാ അധികാരവും നൽകണോ?"- എന്നാണ് ഛന്നിയുടെ ചോദ്യം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News