ഒരു ദിവസം തന്നെ ലക്ഷങ്ങള്‍ വിലയുള്ള ഒന്നോ രണ്ടോ സ്യൂട്ട്; മോദിജി ഒരേ വസ്ത്രം പിന്നീട് ധരിക്കുന്നത് കണ്ടിട്ടുണ്ടോ? രാഹുല്‍ ഗാന്ധി
മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി പ്രചാരണ പരിപാടികള്‍ക്കിടെയാണ് രാഹുലിന്‍റെ പരാമര്‍ശം
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷണക്കണക്കിന് രൂപയുടെ സ്യൂട്ടുകള്‍ മാറിമാറി ധരിക്കുമ്പോള്‍ താന്‍ സാധാരണ ഒരു വെള്ള ടീഷര്‍ട്ട് മാത്രമാണ് ധരിക്കാറുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി പ്രചാരണ പരിപാടികള്‍ക്കിടെയാണ് രാഹുലിന്‍റെ പരാമര്‍ശം.
''ഒരു ദിവസം തന്നെ ലക്ഷങ്ങള്‍ വിലയുള്ള ഒന്നോ രണ്ടോ സ്യൂട്ടുകളാണ് ധരിക്കുന്നത്. മോദിജി ഒരേ വസ്ത്രം പിന്നീട് ധരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഞാൻ ഈ ഒരൊറ്റ വെള്ള ഷർട്ട് ധരിക്കുന്നു''സത്നയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ''പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഞാൻ കേട്ടു, എല്ലാ പ്രസംഗത്തിലും ഞാൻ ഒബിസി വിഭാഗത്തിൽ പെട്ടവനാണെന്ന് അദ്ദേഹം എല്ലായിടത്തും പറയുമായിരുന്നു. ഇത് ആവർത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെക്കുറിച്ച് ഞാൻ പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിൽ നിന്ന് ജാതി അപ്രത്യക്ഷമായത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ, ഇന്ത്യയിൽ ജാതിയില്ല എന്ന് മോദി പറഞ്ഞു തുടങ്ങി'' രാഹുല്‍ പറഞ്ഞു.
ജാതി സെൻസസ് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ ചുവടുവെപ്പാണ്. അധികാരത്തിലെത്തിയാൽ മധ്യപ്രദേശിലും ദേശീയ തലത്തിലും സര്‍വെ നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ഒബിസികളുടെ കൃത്യമായ കണക്ക് അറിയാൻ ജാതി സെൻസസ് നടത്തും. ഇത് എല്ലാ (മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ എണ്ണം) വെളിപ്പെടുത്തുന്ന ഒരു എക്സ്-റേ പോലെയാണ്, അതനുസരിച്ച് അവരുടെ ക്ഷേമത്തിനായി നയങ്ങൾ രൂപീകരിക്കും, ”രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ബിരുദം നേടിയിട്ടും ജോലിയില്ലാത്ത നിരവധി യുവാക്കളെ താൻ കണ്ടതായി ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാഹുല്‍ പറഞ്ഞു.“ഇതാണ് ഈ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അവസ്ഥ. യുവാക്കൾ കഴിവുള്ളവരും ഊർജമുള്ളവരും രാജ്യത്തെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവരുമാണ്, എന്നാൽ അവർക്ക് തൊഴിൽ നേടാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.