'ഹൃദയം തകര്‍ന്നു': മണിപ്പൂരിന്‍റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ വേദനയെന്ന് രാഹുല്‍ ഗാന്ധി

'മണിപ്പൂരിലെ അക്രമത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേൾക്കുന്നതും ഹൃദയഭേദകമാണ്'

Update: 2023-06-30 09:43 GMT
Advertising

ഇംഫാല്‍: മണിപ്പൂരിലെ അക്രമത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടപ്പോൾ ഹൃദയം തകർന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിന്‍റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ വേദനയാണ്. സമാധാന പ്രക്രിയയിൽ തന്നാലാകുന്ന പോലെ പങ്കു വഹിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

"മണിപ്പൂരിലെ അക്രമത്തിൽ പ്രിയപ്പെട്ടവരും വീടും നഷ്ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേൾക്കുന്നതും ഹൃദയഭേദകമാണ്. ഞാന്‍ കണ്ടുമുട്ടിയ ഓരോ സഹോദരന്‍റെയും സഹോദരിയുടെയും കുഞ്ഞിന്‍റെയും മുഖത്ത് സഹായത്തിനായുള്ള നിലവിളിയുണ്ട്. മണിപ്പൂരിന് ഇപ്പോള്‍ ആവശ്യം സമാധാനമാണ്. ജനങ്ങളുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാക്കണം. നമ്മളുടെ എല്ലാ ശ്രമങ്ങളും ആ ലക്ഷ്യത്തിലേക്ക് ഒന്നിക്കണം"- രാഹുല്‍ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തിയത്. കുകി, മെയ്തെയ് വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം ഇന്നലെ സന്ദര്‍ശിച്ചു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധിയെ രണ്ടു മണിക്കൂറോളം പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് അദ്ദേഹം ക്യാമ്പുകളിലെത്തി സംഘര്‍ഷ ബാധിതരെ കണ്ടത്. ഇന്ന് മണിപ്പൂര്‍ ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തി. 10 പാർട്ടികളുടെ നേതാക്കളുമായും യുണൈറ്റഡ് നാഗാ കൗൺസിൽ (യു.എൻ.സി) നേതാക്കളുമായും രാഹുല്‍ ഇംഫാലിൽ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്‌ഷാം മേഘചന്ദ്ര പറഞ്ഞു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News