കടുത്ത ചൂടില്‍ വെന്തുരുകി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; ജലക്ഷാമം രൂക്ഷം
അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
ഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. കടുത്ത ചൂടിനോടൊപ്പം ജലക്ഷാമം രൂക്ഷമായത് ജനജീവിതം ദുരിതത്തിൽ ആക്കുകയാണ്. അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഉഷ്ണ തരംഗത്തിൽ ഉരുകി ഉത്തരേന്ത്യ. മേയ് 12 മുതൽ ഡൽഹിയിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഡൽഹിക്ക് പുറമേ ഒഡീഷ ബിഹാർ രാജസ്ഥാൻ, പഞ്ചാബ്, യുപി, സംസ്ഥാനങ്ങളിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും താപനില 46 ഡിഗ്രിക്ക് മുകളിലാണ്.
1969 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. മുൻപ് 2006ൽ ആയിരുന്നു കടുത്ത ചൂട് അനുഭവപ്പെട്ടത്. 30 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഹീറ്റ്‌വേവ് തുടരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൂചനയാണെന്നാണ് പഠനങ്ങൾ പറയുന്നത്. കടുത്ത ചൂടിൽ മൂന്നു ദിവസത്തിനിടെ ഡൽഹിയിലും നോയിഡയിലുമായി മരിച്ചത് 15 പേരാണ്. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150ന് കടന്നു.
ചൂടിനോടൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമായ ഡൽഹിയിൽ ജന ജീവിതം ദുരിതത്തിലാണ്. ജലക്ഷാമം പരിഹരിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ജല വിഭവ വകുപ്പ് മന്ത്രി അതിഷി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂൺ 21ന് ശേഷം സത്യാഗ്രഹം ഇരിക്കുമെന്നാണ് മുന്നറിയിപ്പ്. ജല ദൗർലഭ്യം കുറഞ്ഞത് വൈദ്യുതി ഉൽപാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.