തമിഴ്‌നാട്ടിൽ കനത്ത മഴ; അഞ്ചു ജില്ലകളില്‍ പ്രളയമുന്നറിയിപ്പ്, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
തൂത്തുക്കുടിയിലും തിരുനെൽവേലിയിലും താഴ്ന്നയിടങ്ങളിൽ വെള്ളം കയറി
ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് പ്രളയമുന്നറിയിപ്പ്. തേനി, ഡിണ്ടികൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തൂത്തുക്കുടിയിലും തിരുനെൽവേലിയിലും താഴ്ന്നയിടങ്ങളിൽ വെള്ളം കയറി.
കനത്ത മഴയെത്തുടര്‍ന്ന് തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ജനജീവിതം താറുമാറായി. പുലർച്ചെ 1.30 വരെയുള്ള 15 മണിക്കൂറിൽ 60 സെന്റീമീറ്റർ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ പെയ്തത്. തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിൽ 26 സെന്‍റീ മീറ്ററും കന്യാകുമാരിയിൽ 17.3 സെന്റീമീറ്ററും മഴ പെയ്തു.ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ അടച്ചിടും.പാപനാശം, പെരുഞ്ഞാണി, പേച്ചുപാറ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനാൽ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ വെള്ളം പൊങ്ങി.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളെ വിവിധയിടങ്ങളിൽ നിയോഗിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും ബോട്ടുകളും ഒരുക്കാനും ആവശ്യമെങ്കിൽ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.
50 അംഗങ്ങൾ വീതമുള്ള രണ്ട് ദേശീയ ദുരന്തനിവാരണ സേന ടീമുകൾ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലേക്കും മൂന്ന് സംസ്ഥാന ദുരന്തനിവാരണ സേന ടീമുകളെ കന്യാകുമാരി ജില്ലയിലും വിന്യസിച്ചിട്ടുണ്ട്.കൂടാതെ, 4,000 പോലീസുകാരെ ദുരിതബാധിത ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.
40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്.തൂത്തുക്കുടിയിലേക്കുള്ള വിമാനങ്ങളില്‍ റദ്ദാക്കി. ചില വിമാനസര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. റെയിൽപ്പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. തിരുനെൽവേലിയിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ 17 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.