മരത്തിലിടിച്ച് ഹെലികോപ്റ്റർ അപകടം; മൂടൽ മഞ്ഞ് കാരണമായേക്കാമെന്ന് വിദഗ്ധൻ

സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ തകർന്നുവീണ് 11 പേർ മരിച്ചിരിക്കുകയാണ്

Update: 2021-12-08 11:19 GMT
Advertising

സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ തകർന്നുവീണ സംഭവത്തിന് കാരണം മൂടൽമഞ്ഞായേക്കാമെന്ന് ദക്ഷിണ നാവികസേന മുൻ കമഡോർ അനിൽ ജോസഫ്. അപകടത്തെ കുറിച്ച് മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഐപി യാത്രയ്ക്ക് മികച്ച പൈലറ്റുമാരാണ് ഉണ്ടാവുകയെന്നും ഹെലികോപ്റ്റർ പരിശോധിച്ച ശേഷമാണ് യാത്ര തുടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞു വന്നാൽ അപകട സാധ്യത വർധിക്കുമെന്നും അത്തരം സാഹചര്യത്തിൽ തുറന്ന സ്ഥലത്തേക്ക് ഇറങ്ങാനോ മറ്റിടത്തേക്ക് പോകാനോയാണ് പൈലറ്റുമാർ തുനിയുകയെന്നും അനിൽ ജോസഫ് പറഞ്ഞു.

അപകടത്തിൽപ്പെട്ട ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്റർ ആധുനിക തരത്തിൽപ്പെടുന്നതാണ്. കൂടുതൽ യാത്രക്കാർക്ക് സഞ്ചരിക്കാനും ചരക്കുനീക്കത്തിനുമൊക്കെ ഉപയോഗിക്കുന്ന മികച്ച ഹെലികോപ്റ്ററാണിത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വിശദ അന്വേഷണത്തിലൂടെ മാത്രമാണ് സ്ഥിരീകരിക്കാനാകുക -അദ്ദേഹം വ്യക്തമാക്കി.

Full View


സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ തകർന്നുവീണ് 11 പേർ മരിച്ചിരിക്കുകയാണ്. മൂന്നുപേർക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. റാവത്തും കുടുംബവുമടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൾ, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് യാത്രികർ. ഡൽഹിയിൽ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45 ന് വെല്ലിങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര.

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം ചേരുന്നുമുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാർലമെൻറിൽ അപകടം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കും. രാജ്‌നാഥ് സിങ് ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച് മടങ്ങിയിരിക്കുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News