ഇ.ഡിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഹേമന്ത് സോറൻ

ഇന്നലെ രാത്രിയാണ് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്തത്

Update: 2024-02-01 08:17 GMT
Advertising

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീംകോടതിയെ സമീപിച്ചു. ഇ.ഡി നടപടിക്കെതിരെയാണ് ഹരജി നൽകിയത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അറിയിച്ചു.

ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ആരോപിച്ച് ഇന്നലെ രാത്രിയാണ് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് രാജ്ഭവനിലെത്തി സോറൻ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇ.ഡി നടപടിക്കെതിരെ ഝാർഖണ്ഡ് ഹൈകോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു അറസ്റ്റ്. സുപ്രീംകോടതി നാളെ ഹരജി പരിഗണിക്കാം എന്ന് അറിയിച്ചതിനെ തുടർന്ന്, ഹൈകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.

കഴിഞ്ഞദിവസം ഡൽഹിയിലെ വസതിയിൽനിന്നും ഇ.ഡി പിടിച്ചെടുത്ത പണവും ആഡംബരക്കാരും തന്റേതല്ലെന്ന് പറഞ്ഞു സോറാൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ പട്ടിക വിഭാഗ സംരക്ഷണ നിയമം പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു.

ഹേമന്ത് സോറന് പകരം ചംപയ് സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ, പുതിയ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഇതുവരെ ക്ഷണിച്ചിട്ടില്ല. പകരം രേഖകൾ പരിശോധിക്കട്ടെ എന്ന മറുപടിയാണ് നൽകിയത്. അറസ്റ്റിനെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും രംഗത്തെത്തി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News