"പ്രതിപക്ഷ നേതാക്കളെ തല്ലിയും അറസ്റ്റ് ചെയ്തും ബിജെപിയിൽ ചേർക്കാൻ ശ്രമിച്ചതിന്റെ ഇരയാണ് താൻ"; ഹേമന്ത് സോറൻ
ഇ.ഡി തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രേരണ
റാഞ്ചി: ബി.ജെ.പിയിൽ ചേരാൻ തന്നെ നിർബന്ധിക്കുന്നതിനുള്ള ഗുഢാലോചനയുടെ ഭാഗമായിരുന്നു തന്റെ അറസ്‌റ്റെന്ന് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഇ.ഡിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സോറൻ പറഞ്ഞു. റാഞ്ചിയിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ ഹരജിയിലാണ് ഇ.ഡിക്കെതിരെയും ബി.ജെ.പിക്കെതിരെയും ഗുരുതര ആരോപണുമായി മുൻ മുഖ്യമന്ത്രി രംഗത്തുവന്നത്.
''പ്രമുഖ പ്രതിപക്ഷ നേതാക്കളെ തല്ലിയും ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും ബി.ജെ.പിയിൽ ചേർക്കാനുള്ള കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നീക്കമാണ് നടന്നത്. ഹരജിക്കാരനും അതിനിരയാണ്'' എന്നതാണ് ഹരജിയിൽ കുറിച്ചത്.
ഇ.ഡി കേസിൽ മറുപടി ഫയൽ ചെയ്യാൻ സമയം ആവശ്യപ്പെട്ടതിന് പിന്നാലെ പണം വെളുപ്പിക്കൽ, തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ വാദം കേൾക്കൽ ഏപ്രിൽ 23ലേക്ക് മാറ്റി.
അനതികൃത ഭൂമി ഇടപാട് കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ മുഖ്യപ്രതിയാക്കി ഇ.ഡി കുറ്റപത്രം രണ്ടാഴ്ച മുമ്പാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.
കുംഭകോണം കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളെയും ചേർത്താണ് കുറ്റപത്രം. അറസ്റ്റിലായ ഒരു പ്രതിയുടെ ഓഫീസിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ മുഖ്യമന്ത്രിയായിരിക്കെ സോറൻ നടത്തിയ ഇടപാടുകളുടെ കുറിപ്പുകൾ ഇ.ഡിക്ക് ലഭിച്ചിരുന്നു. 5,700 പേജുകൾ അടങ്ങിയതാണ് കുറ്റപത്രം.
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലാണ് നിലവിൽ സോറൻ.