'കുറ്റകൃത്യത്തെ മഹത്വവൽക്കരിക്കുന്നു'; ലോറൻസ് ബിഷ്‌ണോയ് ജയിലിൽ അഭിമുഖം നൽകിയതിൽ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് കോടതി
ജൂനിയർ പൊലീസ് ഉദ്യോഗസ്ഥൻമാരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചു.
ന്യൂഡൽഹി: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയ് ജയിലിൽ കഴിയുന്നതിനിടെ സ്വകാര്യ ചാനലിന് അഭിമുഖം നൽകിയതിൽ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. 2022 സെപ്റ്റംബറിലാണ് ബിഷ്‌ണോയ് അഭിമുഖം നൽകിയത്. ഇതിന് അവസരമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ഈ വർഷം ആഗസ്റ്റിൽ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് വൈകിയതിലും കോടതി സർക്കാരിനെ ശാസിച്ചു. ജൂനിയർ ഓഫീസർമാരെ ബലിയാടാക്കുന്നതിൽ കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാരെ കഴിഞ്ഞ ആഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസുകാരുടെ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്ന് കോടതി പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പ്രബോധ് കുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.
അഭിമുഖം നടത്തിയത് ജയിൽ സുരക്ഷാനിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ അപൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് എട്ട് മാസത്തിലധികം സമയമെടുത്തതിലും കോടതി അതൃപ്തി അറിയിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട അഞ്ച് പൊലീസുകാർ ജൂനിയർ ഓഫീസർമാരാണ്. രണ്ടുപേർ മാത്രമാണ് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളത്. ജയിലിനകത്ത് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിക്കാനും സ്റ്റുഡിയോക്ക് സമാനമായ സൗകര്യമൊരുക്കാനും അവസരം നൽകിയത് കുറ്റകൃത്യത്തെ മഹത്വവൽക്കരിക്കലാണെന്നും ജസ്റ്റിസുമാരായ അനുപീന്ദർ സിങ്, ലപിത ബാനർജി എന്നിവരുടെ ബെഞ്ച് പറഞ്ഞു.
അഭിമുഖം എല്ലാ പ്ലാറ്റ്‌ഫോമികളിൽനിന്നും നീക്കണമെന്ന് ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതിന്റെ കോപ്പികൾ ഇപ്പോഴും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഇത്തരം അഭിമുഖങ്ങൾ യുവാക്കളെ തെറ്റായ രീതിയിൽ സ്വാധീനിക്കും. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ ദേശസുരക്ഷയെ പോലും ബാധിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ എൻസിപി നേതാവായിരുന്ന ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ബിഷ്‌ണോയിയുടെ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ബിഷ്‌ണോയിക്കെതിരെ പഞ്ചാബിൽ 71 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നാല് കേസുകളിൽ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.