ഹിജാബ്: നടപ്പാക്കുന്നത് ശരീഅത്ത് നിയമമെന്ന് ബി.ജെ.പി; ഭരണഘടന വായിക്കണമെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ്

"ബി.ജെ.പിക്ക് ഭരണഘടനയെക്കുറിച്ച് ധാരണയുണ്ടെന്ന് തോന്നുന്നില്ല"

Update: 2023-12-23 12:14 GMT
Advertising

ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് വിലക്ക് നീക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെച്ചൊല്ലി കോണ്‍ഗ്രസ് - ബി.ജെ.പി പോര്. ഹിജാബ് വിലക്ക് നീക്കുന്നതോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്നത് ശരീഅത്ത് നിയമമാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.

എന്നാല്‍, ബി.ജെ.പിക്കാര്‍ ആദ്യം പോയി ഭരണഘടന വായിക്കട്ടെയെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. 'ബി.ജെ.പിക്ക് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ധാരണയുണ്ടെന്ന് തോന്നുന്നില്ല. അവര്‍ നിര്‍ബന്ധമായും ഭരണഘടന വായിക്കണം. കര്‍ണാടകയുടെ പുരോഗതിക്ക് എതിരായ നിയമമോ നയമോ അനുവദിക്കില്ല'- പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തിയെന്നും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും സംസ്ഥാന മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. 'യാതൊരു വിധ രാഷ്ട്രീയവും ഇതിന് പിന്നിലില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ നയം എല്ലാവിധ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. എന്ത് വികസനമാണ് നടത്തിയെന്നതിനെ കുറിച്ച് ബി.ജെ.പിക്ക് ഒരിക്കലും മിണ്ടാനാകില്ല. മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളുടെ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യും' -മധു ബംഗാരപ്പ പറഞ്ഞു.

മന്ത്രി എച്ച്.കെ. പാട്ടീലും ബി.ജെ.പിക്കെതിരെ രംഗത്ത് വന്നു. മതേതരത്വം ഏതെങ്കിലും തരത്തിലുള്ള പ്രീണനത്തിന് തുല്യമാണോ എന്ന് അദ്ദേഹം ചോദിച്ചു. 'മുഖ്യമന്ത്രി ഒരു പ്രസ്താവനയിറക്കി. അദ്ദേഹത്തിന് നിയമമറിയാം. ഞങ്ങളുടെ നേരത്തെയുള്ള നിലപാടും അദ്ദേഹത്തിന് അറിയാം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അതേ നയമാണ് മുഖ്യമന്ത്രിയുടേതും. ബി.ജെ.പിക്ക് ഇതൊന്നും അറിയില്ല'- എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.

അതേസമയം, രാജ്യത്ത് പ്രതിപക്ഷ കക്ഷികള്‍ അധികാരത്തില്‍ വന്നാല്‍ ഇസ്‌ലാമിക നിയമം നടപ്പാക്കുമെന്ന് ഈ വിഷയത്തില്‍ പ്രതികരിച്ച് നേരത്തെ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ആരോപിച്ചിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സിദ്ധരാമയ്യ നടത്തുന്നതെന്നും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് നേടുകയാണ് അവരുടെ ലക്ഷ്യമെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി.

2022 ലാണ് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കര്‍ണാടകയിലെങ്ങും ഉയര്‍ന്നത്.

വിലക്കിനെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും നിരോധനം ശരിവെച്ചുള്ള ഉത്തരവാണ് വന്നത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വ്യത്യസ്ത വിധിയാണ് സുപ്രീംകോടതി ബെഞ്ച് വിധിച്ചത്. ജസ്റ്റിസ് സുധാന്‍ഷു ധുലിയ ഹിജാബ് വിലക്ക് ശരിവെച്ച ഹൈകോടതി വിധി റദ്ദാക്കിയപ്പോള്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്ക് ശരിവെച്ചു. കേസ് നിലവില്‍ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്.

ഇതിനിടയിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിജാബ് വിലക്ക് പിന്‍വലിക്കുമെന്ന് അറിയിച്ചത്. സംഭവം ചര്‍ച്ചയായതോടെ സിദ്ധരാമയ്യ വിശദീകരണവുമായി രംഗത്തുവന്നു. ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഹിജാബ് വിലക്ക് നീക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News