ഹിജാബ് കേസ് വൈകിയതിന് കാരണം ജഡ്ജിമാരുടെ അസുഖം: ചീഫ് ജസ്റ്റിസ്

ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിം കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്

Update: 2022-08-02 08:14 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ജഡ്ജിമാർക്ക് സുഖമില്ലാതിരുന്നതു കൊണ്ടാണ് ഹിജാബ് കേസ് ലിസ്റ്റ് ചെയ്യാൻ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. കേസില്‍ ഉടൻ ഭരണഘടനാ ബഞ്ചിന് രൂപം നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു കേസ് പരിഗണിക്കുന്നതിനിടെ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയോടാണ് കോടതി ഇക്കാര്യം അറിയിച്ചത്.

മാർച്ചിലാണ് ഹർജികൾ ഫയൽ ചെയ്തതെന്നും ചുരുങ്ങിയത് ഒരു തിയ്യതിയെങ്കിലും നൽകണം എന്നായിരുന്നു അറോറയുടെ ആവശ്യം. 'കാത്തിരിക്കൂ. ജഡ്ജിമാർക്ക് സുഖമുണ്ടായിരുന്നെങ്കിൽ വിഷയം നേരത്തെ പരിഗണിക്കുമായിരുന്നു. ഞാൻ ഭരണഘടനാ ബഞ്ചിന് രൂപം നൽകും. ഒരു ജഡ്ജിക്ക് സുഖമുണ്ടായിരുന്നില്ല.' എന്നാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്. 

ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിം കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. മാർച്ച് 15നായിരുന്നു ഫുൾബഞ്ചിന്റെ വിധി.

ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവർ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു ഉത്തരവ്. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്സിറ്റി കോളജുകളിലെ മുസ്ലിം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയായിരുന്നു കോടതി വിധി.

ഹിജാബ് ഭരണഘടനയിലെ 25-ാം വകുപ്പിന് (മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം) കീഴിൽ വരുന്ന അനിവാര്യ മതാചാരമാണോ?, സ്‌കൂൾ യൂണിഫോം നിർദേശം അവകാശ ലംഘനമാണോ?, ഫെബ്രുവരി അഞ്ചിലെ സർക്കാർ ഉത്തരവ് ഭരണഘടനയുടെ വകുപ്പ് 14, 15 (സമത്വത്തിനുള്ള അവകാശം) ലംഘിക്കുന്നുണ്ടോ?, അച്ചടക്ക അന്വേഷണം പ്രഖ്യാപിച്ചതിന് കോളജ് അധികൃതർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസ് എടുത്തിട്ടുണ്ടോ? എന്നീ നാലു കാര്യങ്ങളാണ് ഹൈക്കോടതി പരിഗണിച്ചിരുന്നത്.

'മുസ്‌ലിം വനിതകൾ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിന് കീഴിലെ അനിവാര്യ മതാചാരത്തിൽപ്പെടില്ല എന്നതാണ് ചോദ്യങ്ങളോടുള്ള ഞങ്ങളുടെ ഉത്തരങ്ങൾ' - എന്നാണ് വിധിയുടെ പ്രസക്ത ഭാഗം വായിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി വ്യക്തമാക്കിയിരുന്നത്.

'സ്‌കൂൾ യൂണിഫോം യുക്തിസഹമായ നിയന്ത്രണം മാത്രമാണ്. ഭരണഘടനാപരമായി അനുവദനീയമാണ്. അതിനെ വിദ്യാർത്ഥികൾ എതിർക്കേണ്ടതില്ല എന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ഉത്തരം. പ്രസ്തുത കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ സർക്കാറിന് ഉത്തരവിറക്കാൻ അധികാരമുണ്ട്. അടച്ചക്ക നടപടി ഇഷ്യൂ ചെയ്ത ആർക്കെതിരെയും കേസെടുക്കാൻ പാടില്ല. മെറിറ്റില്ലാത്ത എല്ലാ റിട്ട് ഹർജികളും തള്ളുന്നു'- ഹൈക്കോടതി പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News