ഹിജാബ് വിവാദം; മംഗളൂരുവിലെ കോളേജ് വിദ്യാർഥികൾ തമ്മിൽ സംഘർഷം
മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളേജിലും പി.സതീഷ് പൈ ഗവൺമെന്‍റ് ഫസ്റ്റ് ഗ്രേഡ് കോളേജിലുമാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കർണാടകയിലെ മംഗളൂരുവിലെ രണ്ട് കോളേജുകളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളേജിലും പി.സതീഷ് പൈ ഗവൺമെന്‍റ് ഫസ്റ്റ് ഗ്രേഡ് കോളേജിലുമാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.
ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ രണ്ട് കോളേജുകളിലെയും പ്രിൻസിപ്പൽമാർ വിദ്യാർഥികൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതിയ പെൺകുട്ടികളെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാർ അനുകൂല വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതോടെ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ കോളജുകളിൽ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ സമാധാന യോഗം നടത്തി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഡിസംബറിൽ ഉഡുപ്പി ഗവൺമെന്റ് ഗേൾസ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ ആരംഭിച്ച ഹിജാബ് വിവാദം സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശാല ബെഞ്ച് വാദം പൂർത്തിയാക്കി അന്തിമവിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.