ഹിൻഡൻബർഗ് റിപ്പോർട്ട് ; മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാ​ക്കാനൊരുങ്ങി ഇൻഡ്യാ സഖ്യം

അദാനിയും സെബി ചെയർപേഴ്‌സനും തമ്മിലുള്ള ബന്ധം തുറന്നു കാട്ടാനായി താഴെ തട്ടിൽ പ്രചാരണം നടത്താൻ നേതൃയോഗം തീരുമാനിച്ചു

Update: 2024-08-14 01:27 GMT
Advertising

ഡൽഹി: രണ്ടാം ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ഇൻഡ്യാ സഖ്യം. അദാനിക്ക് കുടപിടിക്കുന്ന സെബി ചെയർപേഴ്‌സനെ പുറത്താക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 22 ന് നടത്തുന്ന സമരം വിജയിപ്പിക്കാനുള്ള ആസൂത്രണ പരിപാടികളിലേക്ക് കോൺഗ്രസ് കടന്നു.

സെബി ചെയർപേഴ്‌സനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ഉപയോഗിച്ച് കേന്ദ്ര സർക്കാരിനെതീരെ ആഞ്ഞടിക്കാനാണ് കോൺഗ്രസ് തീരുമാനം. അദാനിയും സെബി ചെയർപേഴ്‌സനും തമ്മിലുള്ള ബന്ധം തുറന്നു കാട്ടാനായി താഴെ തട്ടിൽ പ്രചാരണം നടത്താൻ ഇന്നലെ ചേർന്ന നേതൃയോഗം തീരുമാനിച്ചു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിനെതിരെ ശക്തമായി പ്രതിരോധം തീർക്കാനാണ് കോൺഗ്രസ് തയാറെടുക്കുന്നത്. അദാനിയെയും മോദിയെയും കൂട്ടിക്കെട്ടി ആരോപണം ഉന്നയിക്കുമ്പോൾ രാഹുൽഗാന്ധിക്കെതിരെ , നാഷണൽ ഹെറാൾഡ് കേസ് വീണ്ടും പൊടിതട്ടി എടുക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട് .

ഇത് മുൻകൂട്ടി കണ്ടാണ് ഇ.ഡി ഓഫീസിനു മുന്നിലെ സമരം അടക്കം പദ്ധതിയിടുന്നത്. വിശാൽ തിവാരി സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയുടെ ഭാവി കൂടി പ്രതിപക്ഷം ഉറ്റുനോക്കുന്നുണ്ട്. ഒന്നാം ഹിൻഡൻബർഗ് റിപ്പോർട്ടിൻ മേൽ അദാനി ഗ്രൂപ്പിനെതിരെ സിബിഐ അല്ലെങ്കിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആണ് വിശാൽ തിവാരി നേരത്തെ ആവശ്യപ്പെട്ടിരുന്നത്.ഈ ആവശ്യം തള്ളിയ കോടതി സെബി അന്വേഷണത്തിൽ പോരായ്മ ഉണ്ടെങ്കിൽ തെളിവ് ഹാജരാക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മൗറീഷ്യസ് ,ബർമുഡ രാജ്യങ്ങളിലെ നിഴൽ കമ്പനികളിൽ സെബി ചെയർപേഴ്‌സൺ മാധബിപുരി ബുചിന് നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കണമെന്ന് ആണ് വിശാൽ തിവാരിയുടെ പുതിയ ആവശ്യം ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വീകരിക്കുന്ന തുടർനടപടി സെബി ചെയർപേഴ്‌സന് നിർണായകമാകും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News