ദേശീയത മറയാക്കി തട്ടിപ്പ് മറയ്ക്കാനാവില്ല; അദാനിക്ക് മറുപടിയുമായി വീണ്ടും ഹിൻഡൻബർഗ്
അദാനി ഗ്രൂപ്പ് രാജ്യത്തിന്‍റെ സമ്പത്ത് ആസൂത്രിതമായി കൊള്ളയടിക്കുകയും രാജ്യത്തിന്റെ ഭാവി പിന്നോട്ടടിക്കുകയാണെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു
ഡല്‍ഹി: അദാനിക്ക് വീണ്ടും മറുപടിയുമായി ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ്. ദേശീയത മറയാക്കി തട്ടിപ്പ് മറയ്ക്കാനാവില്ല, അദാനി ഗ്രൂപ്പ് രാജ്യത്തിന്‍റെ സമ്പത്ത് ആസൂത്രിതമായി കൊള്ളയടിക്കുകയും രാജ്യത്തിന്റെ ഭാവി പിന്നോട്ടടിക്കുകയാണെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു.
അദാനിയുടെ മറുപടിയിൽ 30 പേജുകളിൽ മാത്രമെ കഴമ്പുള്ളൂ. 88 ചോദ്യങ്ങളിൽ 62 എണ്ണത്തിന് മറുപടിയില്ല. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. അതേസമയം അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് കെട്ടിചമച്ചതാണെന്ന് അദാനിഗ്രൂപ്പ് സി.എഫ്.ഒ ജൂഗീഷിന്ദർ സിങ് പറഞ്ഞു. അടിസ്ഥാന ധാരണ പോലുമില്ലാതെയാണ് റിപ്പോർട്ട് തയറാക്കിയെന്നു ജൂഗീഷിന്ദർ സിംഗ് വ്യക്തമാക്കി.
തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായി കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ മറുപടി. ആരോപണങ്ങൾക്ക് 413 പേജുകളിൽ വിശദമായ മറുപടിയാണ് നൽകിയത്. ഓഹരി വിപണി നാളെ പുനരാരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം. കമ്പനിയുടെ വളർച്ചയെ പറ്റി ഹിൻഡൻബർഗ് അവതരിപ്പിച്ച കഥ പച്ചക്കള്ളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ വ്യാജ വിപണി സൃഷ്ടിച്ച് ഓഹരി ഇടപാട് നടത്തി ലാഭമമുണ്ടാക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും സ്വാർത്ഥ ലക്ഷ്യമാണ് ഇങ്ങനൊയൊരു റിപ്പോർട്ട് തയ്യാറാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നും മറുപടിയിൽ അദാനിഗ്രൂപ്പ് ആരോപിക്കുന്നു.
Our Reply To Adani:
— Hindenburg Research (@HindenburgRes) January 30, 2023
Fraud Cannot Be Obfuscated By Nationalism Or A Bloated Response That Ignores Every Key Allegation We Raisedhttps://t.co/ohNAX90BDf
ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിഡൻബർഗിന്റെ കണ്ടെത്തൽ.ഹിഡൻബർഗിന്റെ റിപ്പോർട്ട് കനത്ത പ്രഹരമാണ് അദാനിഗ്രൂപ്പിന് ഓഹരി വിപണിയിൽ ഉണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് 90,000 കോടിയുടെ നഷ്ടമാണ് ഓഹരി വിപണയിൽ ഉണ്ടായത്.