'നെഹ്‌റു നൽകിയ ഉറപ്പാണത്; ഹിന്ദിവൽക്കരണ നീക്കത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സ്റ്റാലിൻ
''ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ അപ്രായോഗികവും വിഭാഗീയനീക്കവുമാണ്. തമിഴ്‌നാടിനു മാത്രമല്ല, മാതൃഭാഷയെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിനും ഇതു സ്വീകാര്യമായിരിക്കില്ല.''
ചെന്നൈ: കേന്ദ്രസർക്കാരിന്റെ ഹിന്ദിവൽക്കരണത്തിൽ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തെ വ്യത്യസ്ത ഭാഷക്കാർക്കിടയിലുള്ള സൗഹൃദം തകർക്കുന്നതാണ് നീക്കം. ഹിന്ദി ഇതര ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനക്കാർ ആവശ്യപ്പെടുന്ന കാലത്തോളം ഇംഗ്ലീഷ് രാജ്യത്തെ ഔദ്യോഗിക ഭാഷയായി തുടരുമെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉറപ്പുനൽകിയതാണെന്നും കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഹിന്ദി സംസാരിക്കുന്നവരെക്കാൾ കൂടുതലാണ് ഇതര ഭാഷകൾ സംസാരിക്കുന്നവരുടെ എണ്ണം. എല്ലാ ഭാഷകൾക്കും സ്വന്തമായ വ്യതിരക്തതയും ഭാഷാ സംസ്‌കാരവുമുണ്ടെന്ന കാര്യം താങ്കൾ അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിൽനിന്ന് നമ്മുടെ സമ്പന്നവും അനന്യവുമായ ഭാഷകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷിനെ പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷയാക്കിയത്. അത് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഭാഷയായി തുടരുന്നതും അങ്ങനെത്തന്നെയാണ്-കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
''ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള സമീപകാലത്തെ ശ്രമങ്ങൾ അപ്രായോഗികവും വിഭാഗീയനീക്കവുമാണ്. പലതരത്തിൽ ഇതരഭാഷക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണിത്. തമിഴ്‌നാടിനു മാത്രമല്ല, മാതൃഭാഷയെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിനും ഇതു സ്വീകാര്യമായിരിക്കില്ല.''
വികാരങ്ങളെ ബഹുമാനിച്ചും ഇന്ത്യയുടെ ഐക്യവും സൗഹാർദവും നിലനിർത്തേണ്ടതിന്റെ ആവശ്യം മനസിലാക്കിയുമാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്നൊരു ഉറപ്പുനൽകിയതെന്നും സ്റ്റാലിൻ സൂചിപ്പിച്ചു. ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവർ ആവശ്യപ്പെടും കാലത്തോളം ഇംഗ്ലീഷ് പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷയായി തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതാണ്. ഔദ്യോഗിക ഭാഷയെക്കുറിച്ച് 1968ലും 1976ലും പാസാക്കിയ പ്രമേയങ്ങളും കേന്ദ്ര സർക്കാർ സർവീസുകളിൽ ഇംഗ്ലീഷും ഹിന്ദിയും ഉപയോഗിക്കുമെന്ന് ഉറപ്പാക്കിയതാണ്. ഔദ്യോഗിക ഭാഷയെക്കുറിച്ചുള്ള ചർച്ചകളുടെയെല്ലാം കേന്ദ്രബിന്ദുവായി ഈ നിലപാടാണുണ്ടാകേണ്ടതെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
'ഒരു ഇന്ത്യ' എന്ന പേരിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങൾ വിവിധ ഭാഷക്കാർക്കും സംസ്‌കാരക്കാർക്കും ഇടയിലുള്ള സാഹോദര്യബോധം തകർക്കുമെന്ന് ഞാൻ പേടിക്കുന്നു. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഹാനികരവുമാണത്. ഇതിനാൽ പുതിയ നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻവലിയണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.
ഹിന്ദിവൽക്കരണവും ഔദ്യോഗികഭാഷാ വിവാദങ്ങളും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാർലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഹിന്ദിവൽക്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളുള്ളത്. കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണം, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ ആശയവിനിമയം ഹിന്ദിയിലാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം, ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി പഠനമാധ്യമം ഹിന്ദിയിലാക്കാനും നിർദേശമുണ്ട്.
112 ഇന ശിപാർശകളാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ചെയ്യാനും കേന്ദ്ര സർവകലാശാലകളിലും എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കാനും സർക്കാർ ജോലിക്കുള്ള പരീക്ഷകളിലും ഹിന്ദി നിർബന്ധമാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ജോലിയിൽ പ്രവേശിച്ചാൽ ഹിന്ദിയിൽ പ്രാവീണ്യം ഉള്ളവർക്ക് പ്രത്യേക അലവൻസ് നൽകാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഹിന്ദി ഭാഷയറിയാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും മറുപടി തൃപ്തികരമല്ലെങ്കിൽ അവരുടെ വാർഷിക റിപ്പോർട്ടിൽ അക്കാര്യം സൂചിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഐ.ഐ.ടി, ഐ.ഐ.എം, എ.ഐ.ഐ.എം, കേന്ദ്ര സർവകലാശാലകൾ അടക്കമുള്ള കേന്ദ്ര സർക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാഠ്യഭാഷ ഇംഗ്ലീഷ് മാറ്റി ഹിന്ദിയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി നിർദേശിച്ചിട്ടുണ്ട്. സാങ്കേതിക, സാങ്കേതിക ഇതര സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും പാഠ്യഭാഷ ഹിന്ദിയാക്കാൻ നിർദേശമുണ്ട്.
എന്നാൽ, ഹിന്ദിവൽക്കരണ നീക്കത്തിനെതിരെ വിമർശനവുമായി കേരളവും തമിഴ്നാടും രംഗത്തെത്തിയിട്ടുണ്ട്. ഒരു ഭാഷയെ മാത്രം ഔദ്യോഗിക ഭാഷയായി ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. ഹിന്ദി നിർബന്ധമാക്കി മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Summary: "Nehru gave assurance": Tamil Nadu CM MK Stalin writes to PM Narendra Modi against "Hindi imposition"