ആഗ്രയില്‍ രാമനവമിക്കിടെ പശുവിനെ കൊന്ന് ഹിന്ദു മഹാസഭയുടെ കലാപനീക്കം; മുസ്‌ലിംകൾക്കെതിരെ കള്ളക്കേസ്
ഹിന്ദു മഹാസഭാ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണ് മുഖ്യസൂത്രധാരനെന്ന് ആഗ്രയിലെ അഡിഷനൽ പൊലീസ് കമ്മിഷണർ ആർ.കെ സിങ് അറിയിച്ചു
ലഖ്‌നൗ: രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് പശുവിനെ കൊന്ന് വർഗീയലഹള സൃഷ്ടിക്കാൻ ഹിന്ദു മഹാസഭാ നീക്കം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പശുവിനെ കൊന്ന ശേഷം നിരപരാധികളായ മുസ്‌ലിംകൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു സംഘം. ഹിന്ദു മഹാസഭാ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണ് മുഖ്യസൂത്രധാരനെന്ന് ആഗ്രയിലെ ഛട്ട അഡിഷനൽ പൊലീസ് കമ്മിഷണർ ആർ.കെ സിങ് അറിയിച്ചു.
മാർച്ച് 29ന് രാത്രി ഇത്തിമാദുദ്ദൗല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗൗതം നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഞ്ജയ് ജാട്ടിന്റെ നിർദേശ പ്രകാരം ജിതേന്ദ്ര കുഷ്‌വാഹയും ഉൾപ്പെടെയുള്ള ഹിന്ദു മഹാസഭാ പ്രവർത്തകർ പശുവിനെ കൊന്നു. തുടർന്ന് നാട്ടുകാരായ മുഹമ്മദ് രിസ്‌വാൻ, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇറാം ഖുറേഷി എന്നിവർക്കെതിരെ ജിതേന്ദ്രയുടെ നേതൃത്വത്തിൽ തന്നെ പൊലീസിൽ പരാതിയും നൽകി.
തൊട്ടടുത്ത ദിവസം ഇംറാൻ ഖുറേഷിയെയും ഷാനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇവർ നിരപരാധികളാണെന്ന് കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിൽ സംഭവത്തിനു പിന്നിൽ ഹിന്ദു മഹാസഭയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഗൂഢാലോചനയിൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ചിലരും പങ്കാളികളാണെന്നാണ് പൊലീസ് പറയുന്നത്. എല്ലാവർക്കെതിരെയും ഉടൻ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പരാതി നൽകുമ്പോൾ നടത്തിയ ചോദ്യംചെയ്യലിൽ ജിതേന്ദ്ര കള്ളംപറഞ്ഞതാണെന്ന് ബോധ്യപ്പെട്ടെന്ന് അഡിഷനൽ കമ്മിഷണർ ആർ.കെ സിങ് പറഞ്ഞു. സഞ്ജയും മറ്റു ചിലരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് കോൾ റെക്കോർഡുകളിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായവർ ഒരു മാസത്തിലേറെയായി ഈ സ്ഥലത്തൊന്നുമുണ്ടായിരുന്നില്ലെന്നും ആർ.കെ സിങ് ചൂണ്ടിക്കാട്ടി. ഇവരെ ഉടൻ മോചിപ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പൊലീസ് വാദങ്ങൾ കള്ളമാണെന്ന് സഞ്ജയ് ജാട്ട് പ്രതികരിച്ചു. പൊലീസ് തനിക്കെതിരെ കള്ളക്കേസെടുത്തിരിക്കുകയാണ്. ഇതിൽ ഹിന്ദു മഹാസഭ പ്രതിഷേധം നടത്തും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി പരാതി ഉന്നയിക്കുമെന്നും സഞ്ജയ് പറഞ്ഞു.
എന്നാൽ, സാമുദായിക സൗഹാർദം തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് സംഘം പശുക്കൊല നടത്തിയതെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഉത്തർപ്രദേശിലെ നോയ്ഡ ആസ്ഥാനമായുള്ള ഹിന്ദി ദിനപത്രമായ 'അമർ ഉജാല' റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു നീക്കത്തെക്കുറിച്ച് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. നിരപരാധികളെ കേസിൽ കുടുക്കിയതോടെയാണ് കൃത്യമായ തെളിവുകൾ ലഭിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സംഭവത്തിൽ കള്ളക്കേസ് നൽകിയവർക്കെതിരെ സഞ്ജയ് ജാട്ടിനു വ്യക്തിവിരോധമുണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്.
Summary: An All India Hindu Mahasabha spokesperson Sanjay Jat has been accused of slaughtering a cow on the eve of Ram Navami and implicating in the crime innocent Muslim men. The cow slaughter was carried out at Gautam Nagar of Agra's Etemaduddaula police station area