ഖുത്ബ് മിനാറിന്റെ പേര് 'വിഷ്ണു സ്തംഭം' എന്നാക്കണം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൽഹി പൊലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും വൻ സുരക്ഷയാണ് ഖുത്ബ് മിനാറിന് സമീപം ഒരുക്കിയത്.
ന്യൂഡൽഹി: ചരിത്ര സ്മാരകമായ ഖുത്ബ് മിനാറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ഖുത്ബ് മിനാറിന്റെ പേര് 'വിഷ്ണു സ്തംഭം' എന്നാക്കി മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഖുത്ബ് മിനാറിന് സമീപം തമ്പടിച്ച ഇവർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.
ഇതിനിടെ ഒരുസംഘം പ്രതിഷേധക്കാർ കാവി പതാകയും പ്ലെക്കാർഡുകളുമായി ഖുത്ബ് മിനാറിന് സമീപത്തേക്ക് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. മുപ്പതോളം ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൽഹി പൊലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും വൻ സുരക്ഷയാണ് ഖുത്ബ് മിനാറിന് സമീപം ഒരുക്കിയത്.
ഖുത്ബ് മിനാർ യഥാർഥത്തിൽ വിഷ്ണു സ്തംഭമാണെന്നും വിക്രമാദിത്യ രാജാവാണ് അത് പണികഴിപ്പിച്ചതെന്നും ഭഗ്‌വാൻ ഗോയൽ പറഞ്ഞു.
''വിക്രമാദിത്യ മഹാരാജാവ് ഖുത്ബ് മിനാർ പണികഴിപ്പിച്ചത്. പിന്നീട് ഖുത്ബുദ്ദീൻ അയ്ബക് അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയതാണ്. ഖുത്ബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതെല്ലാം അയ്ബക് നശിപ്പിച്ചു. ഖുത്ബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠയുള്ളത് ഇതിന് തെളിവാണ്. അതുകൊണ്ടുതന്നെ ഖുത്ബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം''- ഭഗ്‌വാൻ ഗോയൽ പറഞ്ഞു.