മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് മുന്നിൽ സമരം ചെയ്യാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട യൂട്യൂബർ അറസ്റ്റിൽ
ഐ.പി.സി, മഹാരാഷ്ട്ര പൊലീസ് ആക്ട്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഓഫ്‌ലൈൻ പരീക്ഷക്കെതിരെ സമരം ചെയ്യാൻ ധാരാവിയിലെ വിദ്യാർഥികളോട് ആവശ്യപ്പെട്ട യൂട്യൂബർ 'ഹിന്ദുസ്ഥാനി ഭാവു' എന്നറിയപ്പെടുന്ന വികാസ് പഥക് അറസ്റ്റിൽ. 10, 12 ക്ലാസുകളിലെ ഓഫ്‌ലൈൻ പരീക്ഷകൾ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്‌വാദിന്റെ വീടിന്റെ മുന്നിൽ സമരം ചെയ്യാനായിരുന്നു ഇയാൾ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇയാൾ വിദ്യാർഥികളോട് സമരം ചെയ്യാൻ ആവശ്യപ്പെട്ടത്. ഐ.പി.സി, മഹാരാഷ്ട്ര പൊലീസ് ആക്ട്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇഖ്‌റാർ ഖാൻ വഖാർ ഖാൻ എന്ന വ്യക്തിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷ മാറ്റാൻ ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികളാണ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം അശോക് മിൽ നാകയിൽ സംഗമിച്ചത്. വിദ്യാഭ്യാസമന്ത്രിയുടെ വീടിന് മുന്നിലേക്ക് പ്രകടനമായി നീങ്ങിയ ഇവരെ ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് പിരിച്ചുവിട്ടത്.
ഹിന്ദസ്ഥാനി ബാവുവിന്റെ ആഹ്വാനത്തെ തുടർന്നാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മന്ത്രിയുടെ വസതിയിലേക്ക് എത്തുന്നതിൽ നിന്ന് വിദ്യാർഥികളെ തടയരുതെന്ന് ആവശ്യപ്പെട്ട് ബാവു ധാരാവി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.