ഹിന്ദുത്വവാദികൾക്ക് ഗാന്ധിയോടുള്ള വെറുപ്പ്, ആർ.എസ്.എസ് നിരോധനം; പ്രസക്ത ഭാഗങ്ങൾ നീക്കി എൻ.സി.ഇ.ആർ.ടി
വിദ്യാർത്ഥികൾ നേരിടുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനാണ് പാഠപുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്തിയതെന്ന് വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി
ന്യൂഡൽഹി: ഹിന്ദു തീവ്രവാദികൾക്ക് മഹാത്മാ ഗാന്ധിയുടോള്ള വെറുപ്പ്, ഗാന്ധി വധത്തിനു പിന്നാലെയുണ്ടായ ആർ.എസ്.എസ് നിരോധനം എന്നിവ സബന്ധിച്ച ഖണ്ഡിക 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നും നാഷനൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) ഒഴിവാക്കി. ഹിന്ദു- മുസ്‌ലിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ ആഹ്വാനം ഹിന്ദു തീവ്രവാദികളെ പ്രകോപ്പിപ്പിചുവെന്ന ഖണ്ഡികളും ഇതോടൊപ്പം നീക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകത്തിൽ നിന്നും മുഗൾ സാമ്രാജ്യത്തെ കുറിച്ചുള്ള പ്രസക്ത ഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി നീക്കിയതും നേരത്തെ വാർത്തയായിരുന്നു.
'സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ രാഷ്ട്രീയം', 'ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം', 'ഒരു പാർട്ടി ആധിപത്യത്തിന്റെ കാലഘട്ടം' എന്നീ അധ്യായങ്ങളും 12ാം ക്ലാസ് പുസ്തകത്തിൽ നിന്നും ഇതോടൊപ്പം നീക്കം ചെയ്തിട്ടുണ്ട്. അതോടൊപ്പം, 'ജനാധിപത്യ രാഷ്ട്രീയം', 'ജനാധിപത്യവും വൈവിധ്യവും', 'ജനപ്രിയ സമരങ്ങളും പ്രസ്ഥാനങ്ങളും', 'ജനാധിപത്യത്തോടുള്ള വെല്ലുവിളികൾ' എന്നീ അധ്യായങ്ങൾ പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി.
ഗാന്ധിയെ വധിച്ചത് പൂനെയിൽ നിന്നുള്ള ബ്രാഹ്മണനായ നാഥുറാം ഗോഡ്‌സെയാണെന്ന 12ാം ക്ലാസ് ചരിത്ര പുസ്തകത്തിലെ പരാമർശവും എൻ.സി.ഇ.ആർ.ടി നീക്കിയിട്ടുണ്ട്. ഗോഡ്സെയുടെ ജാതി പരാമർശിക്കുന്നതിനെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നുവെന്നാണ് എൻ.സി.ഇ.ആർ.ടി പ്രതിനിധികളുടെ വിശദീകരണം. വിദ്യാർത്ഥികൾ നേരിടുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനാണ് പാഠപുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്തിയതെന്ന് വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി പാർലമെന്റിനെ അറിയിച്ചിരുന്നു.
പാഠപുസ്തകങ്ങളുടെ ഭാരം കുറഞ്ഞുവെന്നും സമ്മർദ്ദത്തിലായ വിദ്യാർഥികളെ സഹായിക്കാനും സമൂഹത്തോടും രാഷ്ട്രത്തോടും ഉള്ള ഉത്തരവാദിത്തമെന്ന നിലയിലുമാണ് ഇത്തരമൊരു ശ്രമമെന്നാണ് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനിയുടെ പ്രതികരണം. ഇതോടൊപ്പം, ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് യോജിച്ച രീതിയിൽ മാറ്റങ്ങൾ വരുത്തിയെന്ന പ്രതിവാദവും എൻ.സി.ഇ.ആർടി പാടെ തള്ളി. കഴിഞ്ഞ വർഷവും എൻ.സി.ഇ.ആർ.ടിയിലെ വിവിധ വിഷയങ്ങളുടെ പുസ്തകങ്ങളിൽ നിന്നും നിരവധി അധ്യായങ്ങളും വസ്തുതകളും എൻ.സി.ഇ.ആർ.ടി. നീക്കം ചെയ്തിരുന്നു.