ഹിന്ദുത്വ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്ന രോഗം: ഇൽതിജ മുഫ്തി

അധിക്ഷേപകരമായ പ്രസ്താവന ഇൽതിജ പിൻവലിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

Update: 2024-12-09 08:06 GMT
Advertising

ജമ്മു: ഹിന്ദുത്വ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്ന രോഗമാണെന്ന് പിഡിപി നേതാവ് ഇൽതിജ മുഫ്തി. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് എതിരായ അതിക്രമത്തിലേക്കും അടിച്ചമർത്തലിലേക്കും നയിക്കുന്നത് ഇതാണ്. ബിജെപി ഇതിനെ വോട്ട് ബാങ്ക് ശക്തിപ്പെടുത്താൻ ഉപയോഗിക്കുകയാണെന്നും ഇൽതിജ പറഞ്ഞു.

ഇൽതിജയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. അധിക്ഷേപകരമായ പ്രസ്താവന ഇൽതിജ പിൻവലിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

''പ്രായപൂർത്തിയാവാത്ത മുസ്‌ലിം ആൺകുട്ടികൾ തന്റെ നാമം ജപിക്കാൻ വിസമ്മതിച്ചതുകൊണ്ട് മാത്രം അവരെ ചെരിപ്പുകൊണ്ട് മർദിക്കുന്നത് കണ്ട് രാമൻ ലജ്ജിച്ചു തല താഴ്ത്തണം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു രോഗമാണ് ഹിന്ദുത്വം''-ഇൽതിജ എക്‌സിൽ കുറിച്ചു.

ഹിന്ദുത്വയും ഹിന്ദുമതവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 1940കളിൽ വെറുപ്പ് ആയുധമാക്കി സവർക്കർ വികസിപ്പിച്ചെടുത്ത രാഷ്ട്രീയ തത്വശാസ്ത്രമാണ്. ഹിന്ദുക്കളുടെ ആധിപത്യം സ്ഥാപിക്കലാണ് അതിന്റെ ലക്ഷ്യം. ഹിന്ദുക്കൾക്ക് വേണ്ടി ഹിന്ദുക്കളുടെ ഇന്ത്യ എന്നതാണ് അതിന്റെ ആശയം. എന്നാൽ ഹിന്ദുമതം എന്നാൽ ഇസ്‌ലാമിനെപ്പോലെ മതേതരത്വവും സ്‌നേഹവും സഹവർത്തിത്വവുമെല്ലാം പ്രോത്സാഹിപ്പിക്കുന്ന ഒരു മതമാണ്. ഹിന്ദുത്വത്തിന് എതിരായ പ്രസ്താവനയിൽനിന്ന് പിൻമാറില്ലെന്നും ഇൽതിജ വ്യക്തമാക്കി.

ഇന്ത്യ എല്ലാവരുടേതുമാണ്. ബിജെപി റോഹിംഗ്യകളുടെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. എന്നാൽ ജഗ്തിയിലെ കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ അവർക്കറിയില്ല. ജഗ്തിയിലെ പണ്ഡിറ്റുകളുടെ അവസ്ഥ അവിടെ സന്ദർശിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയതാണ്. ബിജെപി എല്ലാവരുടെയും അവസ്ഥ മോശമാക്കി. ഗുണ്ടകൾ രാജ്യത്തെ നിയമം കയ്യിലെടുക്കുകയാണ്. എങ്ങനെയാണ് ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാകുന്നത്? മുസ്‌ലിംകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും, എന്നാൽ മതത്തിന്റെ പേരിൽ ഒരാളെ വേദനിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇൽതിജ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News