പത്ത് വർഷം മുൻപ് ക്രൂരമായ ജാതിക്കൊല; പാരോളിലെത്തിയ ഒന്നാം പ്രതിക്ക് സവർണജാതിക്കാരുടെ വൻവരവേൽപ്പ്
തമിഴ്‌നാട്ടിലെ ഉയർന്ന ജാതിവിഭാഗമായ കൊങ്കു വെള്ളാളർ വിഭാഗത്തിൽ പെട്ടയാളാണ് പ്രതിയായ യുവരാജ്


ചെന്നൈ: പരോളിൽ പുറത്തെത്തിയ ജാതികൊലപാതകകേസിലെ ഒന്നാം പ്രതിക്ക് സവർണജാതിക്കാരുടെ വൻ വരവേൽപ്പ്. 2015 ൽ തമിഴ്‌നാട്ടിലെ തിരുച്ചെങ്കോഡിൽ വെച്ച് ഗോകുൽരാജ് എന്ന ദളിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി യുവരാജിനാണ് സവർണജാതിക്കാരായ നാട്ടുകാരും കുടുംബവും ചേർന്ന് വരവേൽപ്പ് നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
തമിഴ്‌നാട്ടിലെ ഉയർന്ന ജാതിവിഭാഗമായ കൊങ്കു വെള്ളാളർ വിഭാഗത്തിൽ പെട്ടയാളാണ് യുവരാജ്. മകളുടെ വയസ്സറിയിക്കൽ ചടങ്ങിനാണ് യുവരാജ് പരോളിൽ എത്തിയത്. കൊങ്കു വെള്ളാളർ വിഭാഗത്തിൽ പെട്ട പെൺകുട്ടിയുമായി അമ്പലത്തിൽ വെച്ച് സംസാരിച്ചതിന് പിന്നാലെയാണ് സേലത്തെ ഒമല്ലൂരിൽ നിന്നുള്ള 21 വയസുകാരനായ ഗോകുൽരാജിനെ യുവരാജിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നു ഗോകുൽരാജ്. 2015 ജൂൺ 23 ന് തിരുച്ചെങ്കോഡിലെ ശ്രീ അർത്ഥനാരീശ്വരർ ക്ഷേത്രത്തിൽ വെച്ച് സുഹൃത്ത് സ്വാതിയോട് സംസാരിച്ച് നിൽക്കുമ്പോഴാണ് ഗോകുൽ രാജിനെ അവസാനമായി ജീവനോടെ കണ്ടത്. പിന്നീട് തീരൻ ചിന്നമലൈ ഗൗണ്ടർ പേരവൈ എന്ന ഹിന്ദു ജാതി സംഘടനയുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഉയർന്ന ജാതിക്കാർ ഗോകുലിനെ തട്ടികൊണ്ട് പോവുകയായിരുന്നു. ദളിതനായ ഗോകുൽ ഉയർന്ന ജാതിക്കാരിയായ യുവതിയുമായി സംസാരിച്ചതായിരുന്നു ഇവരെ ചൊടിപ്പിച്ചത്.
തട്ടികൊണ്ട് പോകലിന് പിന്നാലെ ക്രൂരമായ പീഡനങ്ങളാണ് ഗോകുലിന് ഏൽക്കേണ്ടി വന്നത്. നാവ് മുറിക്കുകയും ബലമായി ആത്മഹത്യാക്കുറിപ്പ് എഴുതിക്കുകയും ചെയ്തു. ജൂൺ 24 ന് ആതമഹത്യയാണെന്ന് വരുത്തി തീർക്കാൻ തൊട്ടിപ്പാളയം റെയിൽവേ ട്രാക്കിൽ മൃതദേഹം ഉപേക്ഷിച്ചു. എന്നാൽ ഗോകുലിന്റെ അമ്മയുടെ നീണ്ട വർഷങ്ങളുടെ പോരാട്ടത്തിനൊടുവിലാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്.
സ്വാതിയുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതികൾക്കെതിരെ അന്വേഷണം ആരംഭിക്കുകയും ആറ് പേരെ കണ്ടെത്തി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ യുവരാജിനെ അന്വേഷിച്ച് കൊണ്ടിരിക്കെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിഎസ്പി വിഷ്ണുപ്രിയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയായിരുന്ന യുവരാജ് പിന്നീട് കീഴടങ്ങൽ പ്രഖ്യാപിക്കുകയായിരുന്നു. ഒരു കൂട്ടം അനുയായികൾക്കൊപ്പം സ്വയം പ്രഖ്യാപിത രക്തസാക്ഷിയെപ്പോലെ വളരെ നാടകീയമായി നാമക്കൽ സിബി-സിഐഡി ഓഫീസിൽ എത്തിയാണ് യുവരാജ് കീഴടങ്ങിയത്. എന്നാൽ പിന്നാലെ തന്നെ ജാമ്യത്തിൽ ഇറങ്ങിയ യുവരാജിന്റെ ചിത്രങ്ങൾ രാജാവ്, യോദ്ധാവ്, സിംഹം തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് അനുയായികൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്.
2015 ഡിസംബർ 2-ന്, യുവരാജിനെയും മറ്റ് 17 കുറ്റവാളികളെയും സിബി-സിഐഡി വീണ്ടും കസ്റ്റഡിയിൽ എടുത്തു. യുവരാജ് അടക്കമുള്ള പത്ത് പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷിച്ചിരുന്നു. കൊങ്കു വെള്ളാളർ വിഭാഗങ്ങളിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് അന്ന് വിധിക്കെതിരെ ഉണ്ടായത്.
നിലവിൽ പരോളിൽ പുറത്തെത്തിയ യുവരാജിനെ വലിയ ആരവങ്ങളോടെ അനുയായികൾ സ്വീകരിക്കുന്ന ചിത്രങ്ങൾ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നുണ്ട്. ഇതിൽ ഭൂരിഭാഗം പേരും യുവാക്കളാണെന്നും, ഇത് ആശങ്ക ഉണർത്തുന്നതാണെന്നും ചില സാമൂഹ്യമാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
ക്രൂരകൃത്യങ്ങൾ ചെയ്ത കുറ്റക്കാരെപോലും സംരക്ഷിക്കുകയും, അവർക്ക് വലിയ മഹത്വം കൽപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ജാതീയത സമൂഹത്തിൽ വേരൂന്നി കിടക്കുന്നുവെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. യുവരാജിന് ധാരാളം ഫാൻപേജുകളും സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ട്. യുവരാജിനെ പോരാളിയായി ചിത്രീകരിക്കുന്ന ഈ പേജുകളിലെ പോസ്റ്റുകൾ കൂടുതൽ ജാതികൊലകൾക്ക് ആഹ്വാനം ചെയ്യുന്നതാണ്.