തെരഞ്ഞെടുപ്പ് അടുത്തു; വിദ്വേഷ പ്രചാരണം തുറന്നു കാട്ടുന്ന ഹിന്ദുത്വ വാച്ചിനെ വിലക്കാൻ കേന്ദ്രസർക്കാർ
2024 ഏപ്രിൽ-മെയ് മാസങ്ങളിലായി ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളെ ഇളക്കിവിടാൻ വിദ്വേഷ പ്രസംഗങ്ങൾ പ്രയോഗിക്കപ്പെട്ടേക്കുമെന്ന് ഫ്രീ സ്പീച്ച് കലക്ടീവ് എഡിറ്റർ ഗീത സേഷു
ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രചാരണം തുറന്നു കാട്ടുന്ന ഹിന്ദുത്വ വാച്ചിനെ വിലക്കാൻ കേന്ദ്രസർക്കാർ. ദേശീയ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദുത്വ വാച്ചെന്ന വെബ്‌സൈറ്റിനെ വിലക്കാൻ നടപടിയെടുക്കുകയാണ് കേന്ദ്രം. ഹിന്ദുത്വ വാച്ചിന്റെ എക്‌സ് അക്കൗണ്ട് നിലവിൽ ലഭ്യമല്ല. ഇന്ത്യക്ക് അകത്താണ് വെബ്‌സൈറ്റ് ലഭ്യമാകാതിരിക്കുക. സൈറ്റ് തടഞ്ഞുവെക്കുമെന്ന് സ്ഥാപകന് സർക്കാർ മുന്നറിയിപ്പ് നൽകി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഗവേഷണ പദ്ധതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷക്കുറ്റങ്ങൾ നിരന്തരം പുറത്തുകൊണ്ടുവരാറുണ്ട്. എക്‌സിലൂടെയടക്കം പല പ്രധാന വിദ്വേഷക്കുറ്റങ്ങളും ഹിന്ദുത്വ വാച്ചാണ് പുറത്തുകൊണ്ടുവന്നത്. അതേസമയം, വിദ്വേഷക്കുറ്റം തുറന്നുകാട്ടുന്ന മറ്റൊരു സംവിധാനമായ ഇന്ത്യ ഹേറ്റ് ലാബ് വെബ്‌സൈറ്റും എക്‌സ് അക്കൗണ്ടും ഇന്ത്യയിൽ തടയും. എന്നാൽ ഇന്ത്യക്ക് പുറത്ത് ഇവ ലഭിക്കും.
'ഐടി നിയമപ്രകാരം ഹിന്ദുത്വ വാച്ചിനെയും ഇന്ത്യ ഹേറ്റ് ലാബിനെയും തടഞ്ഞുവെക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൽനിന്ന് കഴിഞ്ഞ ആഴ്ച ഞങ്ങൾക്ക് വിവരം ലഭിച്ചു' ഇരു പദ്ധതികളുടെയും സ്ഥാപകനായ റാഖിബ് ഹമീദ് നായ്ക് അൽജസീറയോട് പറഞ്ഞു. ജനുവരി 29 മുതൽ വെബ്‌സൈറ്റുകൾ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞതായും നിയമനടപടിക്കുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും റാഖിബ് വ്യക്തമാക്കി.
ഐടി നിയമത്തിന്റെ വിവാദ 69 എ സെക്ഷനിൽപ്പെടുത്തിയാണ് വെബ്‌സൈറ്റുകൾ സർക്കാർ തടയുന്നത്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവ മുൻനിർത്തി വിവരങ്ങൾ തടയാനുള്ള അധികാരം ഉപയോഗിച്ചാണ് നടപടി. നിരവധി പേരെ സർക്കാറുകൾ കുടുക്കാൻ ഉപയോഗിച്ച ഐടി ആക്ടിലെ ഒരു സെക്ഷൻ 2022ൽ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഹിന്ദുത്വ വാച്ചിനെ വിലക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്നാണ് അൽജസീറ റിപ്പോർട്ടിൽ പറയുന്നത്. ഹിന്ദുത്വ വാച്ചിന്റെ സ്ഥാപകനായ നായ്ക് 2020 മുതൽ യുഎസിൽ കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകനാണ്. 2021 ഏപ്രിലിലാണ് ഇദ്ദേഹം ഹിന്ദുത്വ വാച്ച് തുടങ്ങിയത്. 12 സന്നദ്ധപ്രവർത്തകരും ഇദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ത്യയിലെ വിദ്വേഷക്കുറ്റങ്ങൾ വർധിച്ചതോടെ, അവ കൃത്യമായി രേഖപ്പെടുത്താൻ അഞ്ച് രാജ്യങ്ങളിൽ, വിവിധ ടൈം സോണുകളിലായാണ് വെബ്‌സൈറ്റ് പ്രവർത്തനം. അതിനാൽ തന്നെ രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷക്കുറ്റങ്ങൾ കൃത്യമായി വെബ്‌സൈറ്റ് രേഖപ്പെടുത്തിവരുന്നു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ദിനേന രണ്ടും നാലും വിദ്വേഷക്കുറ്റങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഹിന്ദുത്വ വാച്ചിന്റെ ട്വിറ്റർ -എക്‌സ് അക്കൗണ്ട് ജനുവരി 16ന് തടഞ്ഞുവെച്ചിരുന്നു. ഇന്ത്യ ഹേറ്റ് ലാബിന്റെ എക്‌സ് അക്കൗണ്ട് ബുധനാഴ്ച വരെ ലഭ്യമാണ്.
ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം എക്‌സിൽ സെൻസർഷിപ്പ് വർധിച്ചതായാണ് വിമർശകർ പറയുന്നത്. നേരത്തെ മോദി സർക്കാറിന്റെ ആവശ്യപ്രകാരം ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഇൻ ഇന്ത്യ എന്നീ യുഎസ് മനുഷ്യാവകാശ സംഘടനകളുടെ അക്കൗണ്ടുകൾ എക്‌സ് തടഞ്ഞുവെച്ചിരുന്നു.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 2023ൽ ഇന്ത്യ 161ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. 2022ൽ 150ാം സ്ഥാനത്താണ് രാജ്യമുണ്ടായിരുന്നത്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡ് റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നതാണ്. 2014ൽ ആദ്യ മോദി സർക്കാർ വരുമ്പോൾ ഇന്ത്യ 140ാം സ്ഥാനത്താണുണ്ടായിരുന്നത്.
വിദ്വേഷക്കുറ്റം ബിജെപി ഭരണത്തിന് കീഴിൽ
റിപ്പോർട്ട് ചെയ്യപ്പെട്ട 255 വിദ്വേഷക്കുറ്റങ്ങൾ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെയാണെന്ന് 2023 സെപ്തംബറിൽ ഹിന്ദുത്വ വാച്ചും ഇന്ത്യ ഹേറ്റ് ലാബും വിശകലനം ചെയ്തിരുന്നു. അവയിൽ 80 ശതമാനവും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും കണ്ടെത്തി. 2023ലും 2024ലും തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിലാണ് 70 ശതമാനം സംഭവങ്ങളും നടന്നതെന്നും ചൂണ്ടിക്കാട്ടി. മുസ്‌ലിംകൾക്കെതിരെ ആക്രമണത്തിനും സാമൂഹിക സാമ്പത്തിക ബഹിഷ്‌കരണത്തിനും പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു വിദ്വേഷം പ്രചരിപ്പിച്ചതെന്നും വ്യക്തമാക്കി. 2024 ഏപ്രിൽ-മെയ് മാസങ്ങളിലായി ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളെ ഇളക്കിവിടാൻ വിദ്വേഷ പ്രസംഗങ്ങൾ പ്രയോഗിക്കപ്പെട്ടേക്കുമെന്നാണ് ഫ്രീ സ്പീച്ച് കലക്ടീവ് എഡിറ്റർ ഗീത സേഷു ചൂണ്ടിക്കാട്ടുന്നത്.
Hindutva Watch, which exposes hate propaganda in India, has been blocked by central government