ഇസ്‌ലാമിലെ ഏറ്റവും വലിയ കുറ്റകൃത്യം- ഹൈദരാബാദ് ദുരഭിമാനക്കൊലയിൽ ഉവൈസി
കുറ്റവാളികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ ചില സ്ഥാപിതതാൽപര്യക്കാർ സംഭവത്തിന് മറ്റൊരു നിറം നൽകാൻ ശ്രമിക്കുകയാണെന്നും അസദുദ്ദീൻ ഉവൈസി
ഹൈദരാബാദ്: തെലങ്കാനയിലെ ദുരഭിമാനക്കൊലയെ അപലപിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഇസ്‌ലാമിലെ ഏറ്റവും വലിയ കുറ്റകൃത്യമാണ് കൊലപാതകമെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.
''ഹൈദരാബാദിലെ നാഗരാജു കൊല ഇസ്‌ലാമിനെതിരാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി അദ്ദേഹത്തെ വിവാഹം കഴിച്ചത്. അതിന് നിയമം അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിലെ ഏറ്റവും ഗൗരവമേറിയ കുറ്റകൃത്യമാണ് കൊലപാതകം.''- ഉവൈസി ട്വീറ്റ് ചെയ്തു.
കുറ്റവാളികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ ചില സ്ഥാപിതതാൽപര്യക്കാർ സംഭവത്തിന് മറ്റൊരു നിറം നൽകാൻ ശ്രമിക്കുകയാണെന്നും ഉവൈസി കൂട്ടിച്ചേർത്തു. കേസിൽ യുവതിയുടെ സഹോദരൻ സയ്യിദ് മുബീൻ അഹമ്മദ്, ബന്ധു മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകുകയും ചെയ്തു.
സെക്കന്തരാബാദിലെ മാറേഡ്പള്ളിയിൽ താമസിക്കുന്ന നാഗരാജു എന്ന 25കാരനാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. മലക്‌പേട്ടിലെ ഒരു പ്രമുഖ കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കോളജ് കാലം മുതൽ പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്റിൻ സുൽത്താനയും ജനുവരിയിൽ ആര്യസമാജ് മന്ദിറിൽ വച്ചാണ് വിവാഹിതരായത്. വ്യത്യസ്ത മതക്കാരായതുകൊണ്ട് സുൽത്താനയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു.
ബുധനാഴ്ച രാത്രി സരൂർനഗറിലെ പാഞ്ഞാള അനിൽകുമാർ കോളനിയിലെ പ്രധാന റോഡിൽവെച്ചാണ് നാഗരാജു ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. ഇരുപത് മിനിറ്റോളം തന്റെ കൺമുന്നിലിട്ട് ഭർത്താവിനെ ക്രൂരമായി മർദിക്കുമ്പോഴും ആരും സഹായത്തിനെത്തിയില്ലെന്ന് സുൽത്താന പ്രതികരിച്ചു. പൊലീസ് വളരെ വൈകിയാണ് സംഭവസ്ഥലത്തെത്തിയത്. അപ്പോഴേക്കും അക്രമികൾ ഓടിപ്പോയെന്നും അവർ പറയുന്നു.
Summary: AIMIM chief Asaduddin Owaisi has condemned the alleged honour killing of a Dalit man by the family of his Muslim wife in Hyderabad, calling it the "the worst crime in Islam".