കൊൽക്കത്തയിലെ ആശുപത്രി ആക്രമണം; കൂടുതൽ പേർ അറസ്റ്റിൽ
ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു
ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ബംഗാളിൽ ബി.ജെ.പിയും ടി.എം.സിയും പ്രതിഷേധ മാർച്ച് നടത്തും. മെഡിക്കൽ കോളജിന് നേരെയുണ്ടായ ആക്രമണത്തിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിൽ സംസ്ഥാനത്തും ശക്തമായ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട്, തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളിലെല്ലാം ഡോക്ടർമാർ ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്.
ഡോക്ടറുടെ കൊലപാതകത്തിൽ ആശുപത്രി ജീവനക്കാരനായ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്. കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സി.ബി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ സി.ബി.ഐ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇന്ന് കൂടുതൽ ആശുപത്രി അധികൃതരെ ചോദ്യം ചെയ്യും.
അതിക്രൂരമായി പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഒന്നിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന തെളിവുകൾ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ പി.ജി ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
ഡോക്ടർമാരുടെ സമരം നടക്കുന്ന ആശുപത്രി അടിച്ചു തകർത്തത് ബി.ജെ.പിയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ ആരോപിച്ചു. വിദ്യാർഥികൾ അല്ല ആക്രമണം നടത്തിയത്, അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ വൻ സംഘർഷമാണുണ്ടായത്. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. പൊലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു.