യു.പിയിൽ മുഹറം ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷം; ഒമ്പത് പേരുടെ വീട് തകർത്ത് അധികൃതർ

പ്രദേശത്തെ ഒരു ആരാധനാലയം ഉൾപ്പെടെ 16 കെട്ടിടങ്ങൾ അനധികൃത നിർമാണമാണെന്ന് കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

Update: 2024-07-24 09:38 GMT
Advertising

ലഖ്നൗ: ഉത്തർപ്രദേശിൽ മുഹറം ​ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഒമ്പത് പേരുടെ വീടുകൾ തകർത്ത് ജില്ലാ ഭരണകൂടം. ബറേലിയിലെ ​ഗൗസ്​ഗഞ്ച് പ്രദേശത്താണ് സംഭവം. ജൂലൈ 19ന് നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ബറേലി ജില്ലാ ഭരണകൂടത്തിന്റെ നടപടി.

ഘോഷയാത്രയ്ക്കിടെ ഒരു സമുദായത്തിലെ ആളുകൾ മറ്റൊരു സമുദായത്തിലെ ആളുകൾക്ക് നേരെ കല്ലേറ് നടത്തിയതിനെ തുടർന്നാണ് സംഘർഷം രൂപപ്പെട്ടത്. സംഘർഷത്തിനിടെ പരിക്കേറ്റ തേജ്പാൽ എന്ന യുവാവ് മരിക്കുകയും ചെയ്തിരുന്നു.

പിന്നാലെ, പ്രദേശത്തെ ഒരു ആരാധനാലയം ഉൾപ്പെടെ 16 കെട്ടിടങ്ങൾ അനധികൃത നിർമാണമാണെന്ന് കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. തുടർന്നാണ് സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ പ്രധാനപ്രതിയടക്കം എട്ട് പേരുടെ വീടുകൾക്കെതിരെ ബുൾഡോസർ നടപടിയുണ്ടായത്.

പ്രധാന പ്രതി ബക്തവാർ, ബാബു, ഹസൻ അലി, കാദർ അലി, ഹനീഫ്, ഹസീൻ, റിയാസത്ത് എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകൾക്കെതിരെയാണ് നടപടി. ഇവരുടെ വീടുകളും ഉദ്യോ​ഗസ്ഥർ കൈയേറ്റങ്ങളായി അടയാളപ്പെടുത്തുകയായിരുന്നു.

ജൂലൈ 19ന് രാത്രി ​ഗൗസ്​ഗഞ്ച് പ്രദേശത്ത് 80-100 ആളുകൾ വന്ന് കല്ലേറ് നടത്തുകയും ആളുകളെ മർദിച്ചെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. ഇതിനിടെയാണ് 26കാരനായ തേജ്പാലിനും മർദനമേറ്റതും ഇയാൾ മരണത്തിന് കീഴടങ്ങിയതുമെന്നും ഇവർ പറയുന്നു.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. കേസിൽ 35 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഓഫീസർ അനുരാഗ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News