അറസ്റ്റിലേക്ക് നയിച്ചത് ഒരു ബ്ലൂടൂത്ത് ഹെഡ്ഫോൺ; കൊൽക്കത്ത ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ പ്രതി റിമാൻഡിൽ

കൊലപാതകം നടന്ന് മണിക്കൂറുകൾക്കിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Update: 2024-08-10 15:11 GMT
Advertising

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിൽ നിർണായകമായത് ഒരു ബ്ലൂടൂത്ത് ഹെഡ്ഫോൺ. പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച ഏറ്റവും പ്രധാന തെളിവുകളിലൊന്ന് കൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്ഫോണാണ്. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ആഗസ്റ്റ് 23 വരെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം ജഡ്ജി അംഗീകരിക്കുകയായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വസ്ത്രങ്ങള്‍ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ സ്വകാര്യഭാ​ഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ മുറിവുകളും ഉണ്ടെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

രക്തം പുരണ്ട മെത്തയിൽ കിടക്കുന്ന നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ്, സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അവർ സംശയാസ്പദമായ ചിലരുടെ പട്ടിക തയാറാക്കി.

പിന്നീട് കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് എല്ലാവരെയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇവരുടെ മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശേഷം, നേരത്തെ കണ്ടെടുത്ത ബ്ലൂടൂത്ത് ഹെഡ്‌ഫോൺ എല്ലാവരുടെയും മൊബൈൽ ഫോണിൽ കണക്ട് ചെയ്യാൻ ശ്രമിക്കവെ എല്ലാവരെയും ഞെട്ടിച്ച് സഞ്ജയ് റോയിയുടെ ഫോൺ ഇതുമായി കണക്ടായി.

പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ, സഞ്ജയ് കുറ്റം സമ്മതിച്ചു. ആദ്യം വ്യത്യസ്തമായ മൊഴികളാണ് സഞ്ജയ് നൽകിയതെന്നും കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കെതിരെ ഭാരതീയ ന്യായ് സം​ഹിത 64 (ബലാത്സംഗം), 103 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, സഞ്ജയ് റോയ് ഒരു സിവിക് പൊലീസ് വളൻ്റിയറാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താഴ്ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു സിവിക് പൊലീസ് വളൻ്റിയറെ നിയോഗിക്കാറുണ്ട്.

വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ജൂനിയർ ഡോക്ടർമാർ കുത്തിയിരിപ്പ് സമരവും പ്രതിഷേധ പ്രകടനങ്ങളും നടത്തി. പ്രതികൾക്ക് വധശിക്ഷ നൽകാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News