'എന്തുകൊണ്ട് ചിലര്‍ക്ക് മാത്രം ആനുകൂല്യം?' ബില്‍കിസ് ബാനു കേസിലെ പ്രതികളുടെ മോചനത്തെ കുറിച്ച് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി

'പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതാണ്. ഇത്തരമൊരു സാഹചര്യത്തിൽ 14 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം എങ്ങനെ മോചിപ്പിക്കും? എന്തുകൊണ്ടാണ് മറ്റ് തടവുകാർക്ക് ഇളവ് നൽകാത്തത്?'

Update: 2023-08-18 07:37 GMT
Advertising

ഡല്‍ഹി: ഗുജറാത്ത് കലാപത്തി​നിടെ ബിൽകിസ് ബാനു​വിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഗുജറാത്ത് സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രിംകോടതി. പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽകിസ് ബാനു നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.

"പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതാണ്. ഇത്തരമൊരു സാഹചര്യത്തിൽ 14 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം എങ്ങനെ മോചിപ്പിക്കും? എന്തുകൊണ്ടാണ് മറ്റ് തടവുകാർക്ക് ഇളവ് നൽകാത്തത്? എന്തുകൊണ്ടാണ് ചിലര്‍ക്ക് മാത്രം ഈ ആനുകൂല്യം? എന്തുകൊണ്ടാണ് ഇളവ് നയം തെരഞ്ഞെടുത്ത് പ്രയോഗിക്കുന്നത്? അവസരം എല്ലാവർക്കും ഒരുപോലെ നൽകണം. നമ്മുടെ ജയിലുകൾ എന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു പ്രത്യേകിച്ച് വിചാരണത്തടവുകാരെകൊണ്ട്?"- ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജാൽ ഭുയന്‍ എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്കായി ജയിൽ ഉപദേശക സമിതി രൂപീകരിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. ഗോധ്ര കോടതിയിൽ വിചാരണ നടക്കാത്തപ്പോൾ എന്തിനാണ് ആ കോടതിയുടെ അഭിപ്രായം തേടിയതെന്നും കോടതി ആരാഞ്ഞു.

വധശിക്ഷ ജീവപര്യന്തമാക്കിയത് അത്ര നികൃഷ്ടമായ കുറ്റകൃത്യമായിരുന്നില്ല എന്നതിന്റെ സൂചനയാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചു. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് നികൃഷ്ടമായി കണക്കാക്കപ്പെട്ട കുറ്റകൃത്യമാണെന്നും അതേസമയം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

ഉടനെ പ്രതികള്‍ക്ക് ഒരു അവസരം നല്‍കാവുന്നതാണെന്ന് എ.എസ്.ജി വാദിച്ചു. ജയിലിലെയും പരോളിലിറങ്ങുമ്പോഴുമുള്ള പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ തിരിച്ചറിഞ്ഞോ എന്ന് വ്യക്തമാകും. എല്ലാ കുറ്റവാളികളെയും തൂക്കിലേറ്റണമെന്നോ അല്ലെങ്കിൽ ശാശ്വതമായി ശിക്ഷിക്കണമെന്നോ നിയമം പറയുന്നില്ല. ഏറ്റവും കഠിനമായ കുറ്റം ചെയ്തവര്‍ക്കു പോലും സ്വയം നവീകരിക്കാനുള്ള അവസരം നൽകുന്നതിനെക്കുറിച്ച് നിയമം പറയുന്നുണ്ടെന്നും എ.എസ്.ജി വാദിച്ചു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെ മോചിപ്പിച്ചത്. താൻ 15 വർഷം ജയിലിൽ കഴിഞ്ഞെന്നും മോചിപ്പിക്കണമെന്നും പ്രതികളിലൊരാള്‍ സുപ്രിംകോടതിയിൽ ഹരജി നൽകുകയായിരുന്നു. ഇക്കാര്യം പരിശോധിക്കാൻ കോടതി ഗുജറാത്ത് സർക്കാറിന് നിർദേശം നൽകി. തുടര്‍ന്ന് ബില്‍കിസ് ബാനു കേസിലെ മുഴുവന്‍ പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. തുടര്‍ന്നാണ് ബില്‍കിസ് ബാനു പുനപ്പരിശോധനാ ഹരജി നല്‍കിയത്. ഹരജിക്കെതിരെ അഡിഷണൽ സോളിസിറ്റർ ജനറൽ ഉന്നയിച്ച എതിർപ്പുകൾ കേട്ട ശേഷം, സുപ്രിംകോടതി വാദം കേൾക്കുന്നത് ആഗസ്ത് 24ലേക്ക് മാറ്റി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News