അന്വേഷണം നടത്താതെ ഒരാളെ എങ്ങനെ തീവ്രവാദിയെന്ന് വിളിക്കും?; മംഗളൂരു സ്‌ഫോടനത്തിൽ ഡി.കെ ശിവകുമാർ

നവംബർ 19-നാണ് മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു.

Update: 2022-12-15 14:04 GMT
Advertising

ബെംഗളൂരു: അന്വേഷണം നടത്താതെ ഒരാളെ എങ്ങനെ തീവ്രവാദിയെന്ന് വിളിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''ആരാണ് ഈ തീവ്രവാദികൾ? എന്ത് നടപടിയാണ് സ്വീകരിച്ചത്? ഒരു അന്വേഷണവും നടത്താതെ ഒരാളെ എങ്ങനെ തീവ്രവാദിയെന്ന് വിളിക്കാനാവും? അവർ വിശദമായി പറഞ്ഞിരുന്നെങ്കിൽ നമുക്ക് അറിയാമായിരുന്നു. മുംബൈ, ഡൽഹി, പുൽവാമ എന്നിവിടങ്ങളിൽ നടന്നത് പോലെയുള്ള തീവ്രവാദ പ്രവർത്തനമാണോ ഇത്?''-ശിവകുമാർ ചോദിച്ചു.

ബി.ജെ.പി ഈ സംഭവത്തെ വോട്ടുകൾ ആകർഷിക്കാനാണ് ഉപയോഗിക്കുന്നതെന്നും ശിവകുമാർ ആരോപിച്ചു. ബി.ജെ.പിക്ക് ഇത് കൂടുതൽ വോട്ടുകൾ നേടാനുള്ള തന്ത്രം മാത്രമാണ്. ഇത്തരമൊരു പരീക്ഷണം ആരും നടത്തിയിട്ടില്ല. ചരിത്രത്തിൽ തന്നെ ഇത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി വക്താവ് എസ്. പ്രകാശ് രംഗത്തെത്തി. ''അന്വേഷണത്തിന് ശേഷം പൊലീസാണ് ആരാണ് തീവ്രവാദിയെന്ന് തീരുമാനിക്കേണ്ടത്. നിരവധി കാലം മന്ത്രിയായിരുന്നിട്ടും ഡി.കെ ശിവകുമാറിന് അടിസ്ഥാന കാര്യങ്ങൾ പോലും അറിയില്ല എന്നത് ദൗർഭാഗ്യകരമാണ്. ഭീകരപ്രവർത്തനക്കേസിലെ പ്രതികൾക്ക് പിന്തുണയുമായി രംഗത്തുവരുന്നത് വളരെ അപകടകരമാണ്. കർണാടകയിലെ ജനങ്ങളുടെ ജീവനാണ് ഇയാൾ അപകടത്തിലാക്കുന്നത്. തന്റെ അശ്രദ്ധമായ പരാമർശത്തിന് അദ്ദേഹം മാപ്പ് പറയണം''-എസ്. പ്രകാശ് ആവശ്യപ്പെട്ടു.

നവംബർ 19-നാണ് മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. മുഹമ്മദ് ഷാരിഖ് (24) ആണ് കേസിലെ മുഖ്യപ്രതി. ഇത് തീവ്രവാദി ആക്രമണമാണെന്നും പ്രതിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കർണാടക ഡി.ജി.പി പറഞ്ഞിരുന്നു. കേസ് പിന്നീട് എൻ.ഐ.എക്ക് കൈമാറി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News