ഹൈദരാബാദ് ഏറ്റുമുട്ടൽകൊല വ്യാജമെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി
പൊലീസിന്റെ വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്നാണ് പ്രതികൾ മരിച്ചത്, സ്വയം പ്രതിരോധത്തിനോ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നോ അല്ല വെടിവെച്ചതെന്നും അന്വേഷണ കമ്മീഷിൻ റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: ഹൈദരാബാദ് ഏറ്റുമുട്ടൽകൊല വ്യാജമെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി. കൂട്ടബലാത്സംഗക്കേസ് പ്രതികളെ വധിക്കാൻ നടത്തിയ ഏറ്റുമുട്ടൽ വ്യാജമാണെന്നാണ് കണ്ടെത്തൽ. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ സുപ്രിംകോടതി ജഡ്ജിയായ വി.എസ് സിർപുർകർ അധ്യക്ഷനായ സമിതിയാണ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിച്ചത്. 2019 ഡിസംബറിലാണ് വെറ്റിനറി ഡോക്ടറായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്.
പൊലീസിന്റെ വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്നാണ് പ്രതികൾ മരിച്ചത്, സ്വയം പ്രതിരോധത്തിനോ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നോ അല്ല വെടിവെച്ചതെന്നും അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. പൊലീസ് പറയുന്ന വാദങ്ങൾ മുഴുവൻ കെട്ടിച്ചമച്ചതും അവിശ്വസനീയവുമാണ്. പ്രതികളെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത 10 പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സമിതി ശിപാർശ ചെയ്യുന്നു.
വെറ്റിനറി ഡോക്ടറായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറ് പ്രതികളെയാണ് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതിക്ക് സുപ്രിംകോടതി നിർദേശം നൽകി. റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന തെലുങ്കാന സർക്കാറിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.